
കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി. നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. യുഡിഎഫിനുള്ളിൽ തന്നെ പ്രശ്നങ്ങൾ രൂക്ഷമായതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.
പണ്ട് എയർപോഡ് മോഷണം വിവാദം ആയ പാലാ നഗരസഭ. അന്ന് ആരോപണ വിധേയനായ കൗൺസിലർ ബിനു പുളിക്കണ്ടം. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം. യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാബിനു കോൺഗ്രസ് കൗൺസിലർക്കെതിരെയാണ് പരാതി നൽകിയതും കൗതുകം. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ഇന്നലെ ചെയർപേഴ്സന്റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷം ആണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.
കഴിഞ്ഞദിവസം യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മോഷണ പരാതിയും എത്തുന്നത്. കയ്യേറ്റം ചെയ്ത കേസിൽ മഹസർ തയ്യാറാക്കാൻ എത്തിയ പോലീസുകാർക്കൊപ്പം നഗരസഭയിൽ പോവുക മാത്രമാണ് ചെയ്തതെന്ന് ബിജു മാത്യൂസ്.
പുതിയ വിവാദങ്ങളിൽ യുഡിഎഫിനകത്തെ തമ്മിൽപോര് കൂടുതൽ രൂക്ഷമാവുകയാണ്. പാല നഗരസഭ പിടിച്ചത് അഭിമാന നേട്ടമായി പറയുന്ന യുഡിഎഫിന് പ്രശ്നം വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ തലവേദനയാകും. എന്നാൽ യുഡിഎഫിലെ മറ്റ് അംഗങ്ങൾക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളില്ലെന്നും ബിജു മാത്യൂസിന്റെ ചില താൽപര്യങ്ങളാണ് എല്ലാത്തിനും കാരണമെന്നും ബിനു പുളിക്കണ്ടം. പാലായിലെ പ്രാദേശിക കോൺഗ്രസ് കേരള കോൺഗ്രസ് നേതൃത്വം ഉന്നത നേതാക്കളെ വിഷയം അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam