കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവം; ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണ സമിതി

By Web TeamFirst Published Oct 7, 2019, 12:55 PM IST
Highlights

കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാഭവനിൽ നിന്ന് വിദൂര പഠന വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകളാണ് കാണാതായത്.  മുൻപും ഇത്തരത്തിൽ ഉത്തരകടലാസുകളും ബിരുദ സർട്ടിഫിക്കറ്റുകളും കാണാതായിരുന്നു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിക്കാണ് സർവ്വകലാശാലയുടെ നീക്കം. 

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാഭവനിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഒന്നും കണ്ടെത്താനായില്ലെന്ന് വൈസ് ചാൻസലർക്ക് നൽകിയ റിപ്പോർട്ടിൽ സമിതി വ്യക്തമാക്കി. ഉത്തരക്കടലാസുകൾ കാണാതായ സംഭവം ഉന്നത ഏജൻസി അന്വേഷിക്കണമെന്നും സമിതി വൈസ് ചാൻസ്‍ലറോട് ആവശ്യപ്പെട്ടു.

എന്നാൽ, ആദ്യം ലോക്കൽ പൊലീസ് അന്വേഷിക്കട്ടെയെന്നും ആവശ്യമെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നായിരുന്നു വൈസ് ചാൻസ്‍ലർ ഡോ. മുഹമ്മദ് ബഷീറിന്റെ വിശദീകരണം. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി തേഞ്ഞിപ്പാലം പൊലീസ് അറിയിച്ചു.

Read More:കാലിക്കറ്റ് പരീക്ഷാഭവനിൽനിന്ന് പതിനേഴ് ഉത്തരക്കടലാസുകൾ കാണാതായി

കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാഭവനിൽ നിന്ന് വിദൂര പഠന വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകളാണ് കാണാതായത്. മൂല്യ നിർണയത്തിനായി അധ്യാപകർക്ക് അയക്കാനുള്ള ഉത്തരക്കടലാസുകളാണ് ഫോൾസ് നമ്പർ ചേർത്ത ശേഷം അടുക്കിവച്ച കെട്ടിൽ നിന്ന് അപ്രത്യക്ഷമായത്. അസൽ നമ്പർ കീറിയെടുക്കാൻ ഉദ്യോഗസ്ഥർ പരീക്ഷ കടലാസുകൾ പരിശോധിച്ചപ്പോഴാണ് പേപ്പറുകളിൽ എണ്ണക്കുറവ് കണ്ടെത്തിയത്.

Read More:കാലിക്കറ്റ് സർവ്വകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവം; പൊലീസ് അന്വേഷണത്തിന് ഉത്തരവ്

സംഭവത്തിൽ പരീക്ഷ കൺട്രോളർ ഡോ പി ശിവദാസൻ പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് വൈസ് ചാൻസലറും ഉത്തരവിട്ടു. ജോയിൻറ് കൺട്രോളർ കെ പി വിജയൻ, ജോയിൻറ് റജിസ്ട്രാർ പി പി അജിത എന്നിവർക്കാണ് അന്വേഷണ ചുമതല. മുൻപും ഇത്തരത്തിൽ ഉത്തരകടലാസുകളും ബിരുദ സർട്ടിഫിക്കറ്റുകളും കാണാതായിരുന്നു. അന്നൊക്കെ പുനപരീക്ഷ നടത്തിയാണ് ഉദ്യോഗസ്ഥർ തടിയൂരിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിക്കാണ് സർവ്വകലാശാലയുടെ നീക്കം.

അതേസമയം, സർവ്വകലാശാലയിൽ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യാൻ ആധുനിക ഇലക്ട്രോണിക് സംവിധാനമൊരുങ്ങുകയാണ്. വീണ്ടും ഉത്തരക്കടലാസ് കാണാതായ സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് എൻഐടിയിൽ തയ്യാറാക്കുന്ന സംവിധാനം ഉടൻ സർവകലാശാലയിൽ നടപ്പാക്കി തുടങ്ങും.  

Read More:കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ ഇനി ഇലക്ട്രോണിക് സംവിധാനത്തിൽ കൈകാര്യം ചെയ്യും

click me!