തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യാൻ ആധുനിക ഇലക്ട്രോണിക് സംവിധാനമൊരുങ്ങുന്നു. വീണ്ടും ഉത്തരക്കടലാസ് കാണാതായ സാഹചര്യത്തിൽ പുതിയ സംവിധാനം തുടങ്ങാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.  

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേതിനേക്കാൾ ഇരട്ടിയിലധികം വിദ്യാർത്ഥികളുള്ള പൂണൈ യൂണിവേഴ്സിറ്റി വിജയകരമായി നടപ്പിലാക്കിയ ഇലക്ട്രോണിക് സംവിധാനമാണിത്. സിൻഡിക്കേറ്റ് ഉപസമിതി പൂനെയിൽ പോയി പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോഴിക്കോട് എൻഐടിയിൽ തയ്യാറാക്കുന്ന സംവിധാനം ഉടൻ സർവ്വകലാശാലയിൽ നടപ്പാക്കി തുടങ്ങും. 

യൂണിവേഴ്സിറ്റി സുവർണ ജൂബിലി വർഷത്തിൽ സർക്കാർ മൂല്യനിർണയ കേന്ദ്രത്തിനായി അനുവദിച്ച 5 കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷ പേപ്പറുകൾ കോളജിൽ നിന്ന് എടുക്കുന്നതിനും തിരിച്ച് മൂല്യ നിർണയ ക്യാമ്പിൽ എത്തിക്കുന്നതിനും തപാൽ വകുപ്പുമായി കരാറിലെത്തുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു. സുരക്ഷയും വിശ്വാസ്യതയും ഉറപ്പിക്കാൻ ഡിജിറ്റൽ മൂല്യ നിർണയവും ഓൺലൈൻ ചോദ്യപേപ്പർ വിതരണവും യൂണിവേഴ്സിറ്റിയുടെ ആലോചനയിലുണ്ട്.