
കണ്ണൂര്‍: പ്രവാസി വ്യവസായ സാജന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ചില ന്യൂനതകള്‍ പരിഹരിക്കാനുണ്ടെന്നും ഇതു പൂര്‍ത്തിയാക്കിയാല്‍ അന്തിമ അനുമതി നല്‍കുമെന്നും ആന്തൂര്‍ നഗരസഭ. ഓഡിറ്റോറിയത്തിന് മനപൂര്‍വ്വം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായവര്‍ക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭാ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും ഇന്ന് സാജന്‍റെ പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്ക് ശേഷം ആണ് ചില മാറ്റങ്ങള്‍ കൂടി നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പബ്ലിക് ടോയ്ലറ്റില്‍ 21 യൂറിന്‍ കാബിനുകള്‍ വേണ്ട സ്ഥാനത്ത് 14 എണ്ണമേയുള്ളൂ. ഇവിടെ ഏഴ് എണ്ണം കൂടി സ്ഥാപിക്കണം. ഒരു ടോയ്ലറ്റ് അധികമായി നിര്‍മ്മിക്കണം. ഓഡിറ്റോറിയത്തിലേക്ക് പ്രവശനം എളുപ്പമാക്കാന്‍ വേണ്ടി നിര്‍മ്മിച്ച റാംപിന്‍റെ ചരിവ് കുറക്കണം. എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവ നടപ്പിലാക്കിയാല്‍ ഓഡിറ്റോറിയത്തിന് അനുമതി നല്‍കാം എന്നാണ് നഗരസഭയുടെ പുതിയ നിലപാട്.
ഗ്രൗണ്ട് പാര്‍ക്കിംഗിലെ തൂണുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ച് മുന്‍ നഗരസഭാ സെക്രട്ടറി ഉന്നയിച്ച പ്രശ്നങ്ങള്‍ പുതിയ റിപ്പോര്‍ട്ടില്‍ ഇല്ല. അതേസമയം സാജൻ ആത്മഹത്യ ചെയ്തു പത്തു ദിവസം പിന്നിട്ടിടും സ്ഥാപനത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് കെസി ജോസഫ് എംഎല്‍എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam