ഊരാളുങ്കൽ അടക്കമുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെടും. സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടാക്കാനും ശ്രമം തുടങ്ങും. ഊരാളുങ്കലിന് മാത്രം 4 കോടിയിലധികം രൂപയാണ് നൽകാനുള്ളത്.
തിരുവനന്തപുരം: സർക്കാരിന് തലവേദനയായി മാറിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിൽ നിന്ന് തലയൂരാൻ നീക്കം. ഈ മാസം 17 ന് നടക്കുന്ന യോഗം നിർണായകമാകും. ഊരാളുങ്കൽ അടക്കമുള്ള സ്ഥാപനങ്ങളോട് തുക കുറയ്ക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെടും. സ്പോൺസർമാരിൽ നിന്നും കിട്ടേണ്ട പണം നേടിയെടാക്കാനും ശ്രമം തുടങ്ങും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബോർഡിന് മുന്നിലുള്ളത്. ഊരാളുങ്കലിന് മാത്രം 4 കോടിയിലധികം രൂപയാണ് നൽകാനുള്ളത്. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ അവസാനിപ്പിക്കാനാണ് നീക്കം.
അയ്യപ്പസംഗമത്തില്‍ പന്തലൊരിക്കിയതിലും അതിഥികള്‍ക്ക് താമസിക്കാനായി ഹോട്ടല്‍ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ചാർട്ടേഡ് അക്കൗണ്ട് തയ്യാറാക്കി സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഹോട്ടലുകളുടെയും സ്ഥാപനത്തിന്‍റെയും പേരുള്‍പ്പെടെ പറയുന്നത്. പന്തൽ ഉരുക്കിയ ഊരാളുങ്കലിന്‍റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻ്റ് കണ്‍സ്ട്രക്ഷന് നൽകാനുള്ളത് നാല് കോടി രൂപയാണ്. ഹോട്ടലുകൾക്ക് നൽകാനുള്ള തുക വേറെയും. തിരുവനന്തപുരത്തും കൊച്ചിയിലും കുമരകത്തും മൂന്നാറിലുമുള്ള ഹോട്ടലുകള്‍ക്കാണ് ഇനിയും തുക നൽകാനുള്ളത്. 4,35,13,259.93 രൂപയാണ് പശ്ചാത്തല സൗകര്യം ഒരുക്കിയതിനും ഹോട്ടലുകള്‍ക്കുമായി നൽകാനുള്ളത്. ഭക്ഷണം വിതരണം ചെയ്ത കണക്കിലും പൊരുത്തകേടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഗമത്തിന് രാത്രിയിൽ 3000 പേർ ഭക്ഷണം കഴിച്ചുവെന്നും ഓഡിറ്ററെ അറിയിച്ചത്. ഇതിനായി നാലര ലക്ഷം നൽകിയെന്നാണ് ബോർഡിൻെറ കണക്ക്. ഉച്ചയ്ക്ക് 5000 പേർ ഭക്ഷണം കഴിച്ചുവെന്നും എട്ടര ലക്ഷം ചെലവായി എന്നുമാണ് കണക്ക്. എന്നാൽ ഭക്ഷണം കഴിച്ചവരുടെ കണക്കും ബോർഡ് നൽകിയ തുകയും തമ്മിൽ പൊരുത്തകേടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്.



