രാജ്യത്ത് പടരുന്ന ഭയത്തിന് എതിരെയാണ് കേരളത്തിലെ സംയുക്ത പ്രതിഷേധം ; ചെന്നിത്തല

By Web TeamFirst Published Dec 16, 2019, 11:14 AM IST
Highlights

മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കകയെന്ന സംഘപരിവാര്‍ അജണ്ടയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ചേര്‍ന്ന് നടപ്പാക്കുന്നതെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്ത് ഭീതി വിതക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് പടരുന്ന ഭയത്തിന് എതിരായ കൂട്ടായ്മയാണ് കേരളത്തിലെ സംയുക്ത പ്രതിഷേധമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ പോലും തകര്‍ക്കുന്ന നിയമമാണ്. മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇന്ത്യയെ വിഭജിക്കുന്ന നിയമം നടപ്പാക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ചേര്‍ന്ന് നടപ്പാക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി, 

രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ സംയുക്ത പ്രതിഷേധ വേദി: 

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മൗലിക അവകാശങ്ങൾക്കെതിരായ കടന്ന് കയറ്റമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഒരു ആഭ്യന്തരമന്ത്രിയും സംസാരിക്കാൻ പാടില്ലാത്ത വിധമാണ് അമിത്ഷായുടെ പ്രസംഗമെന്നും ചെന്നിത്തല ആരോപിച്ചു. 

രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തത്സമയം: 

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്താൽ അത് കോടതിയിൽ ചോദ്യം ചെയ്യാനാകും. അത് കൊണ്ടാണ് ഭരണഘടന അനുസരിച്ചല്ല പാര്‍ലമെന്‍റിൽ നിയമം പാസാക്കിയതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പെരും നുണകളുടെ ഹിമാലയത്തിൽ കയറി നിന്നാണ് ഇന്ത്യയുടെ മതേരത്വത്തെ തകര്‍ക്കുന്ന ബില്ല് അമിത്ഷാ അവതരിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

മതത്തെ പൗരത്വവുമായി ബന്ധപ്പെടുത്തുന്നത് ഇരുണ്ട കാലഘട്ടത്തിലേക്കുള്ള തിരിച്ച് പോക്കാണ്. സമൂഹത്തെ മതത്തിന്‍റെ പേരിൽ രണ്ടായി വിഭജിക്കാനുള്ള നിയമം പാര്‍ലമെന്‍റിൽ അവതരിപ്പിച്ചത് വഴി ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാനാണ് ശ്രമം നടന്നത്. കരി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും അതിന് ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

click me!