
തിരുവനന്തപുരം; ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്.മന്ത്രിക്കെതിര RYF , ഡിജിപിക്ക് പരാതി നല്‍കി.ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് RYF സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹന്‍റെ പരാതിയില്‍ ആവശ്യപ്പെട്ടു
മന്ത്രി സജി ചെറിയാൻ ചെയ്തത് ഗുരുതരമായ ഭരണഘടന ലംഘനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രി രാജി വയ്ക്കണം.ഭരണഘടന തൊട്ട് സത്യം ചെയ്ത, ഭരണഘടനക്ക് അനുസരിച്ച് ഭരണനിർവ്വഹണം നടത്തേണ്ട മന്ത്രി ഭരണഘടന കുന്തവും കുട ചക്രവുമെന്ന് പറഞ്ഞത്.അസാധാരണ സംഭവമാണ്.മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം നിയമപരമായി പോകണമോയെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. മന്ത്രിയുടെ രാജിയല്ലാതെ മറ്റു വഴിയില്ല.മന്ത്രി തള്ളി പറഞ്ഞത് ഭരണഘടനയെ ആണ്.. മന്ത്രിയുടെ വാക്കുകള്‍ സുവ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രിയെ പിന്തുണച്ച് മല്ലപ്പള്ളി ഏരിയ കമ്മിറ്റി, പ്രസംഗം എഫ്ബി പേജിൽ നിന്ന് ഒഴിവാക്കി
ഭരണഘടനയ്ക്കെതിരെ വിവാദ പ്രസംഗം നടത്തി വെട്ടിലായ മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി. സാമൂഹ്യ വികാസത്തെ പറ്റിയും ചൂഷണത്തെ പറ്റിയുമാണ് മന്ത്രി സംസാരിച്ചത്. പ്രസംഗത്തിൽ നിന്ന് ഒരു വാക്യം മാത്രം അടർത്തിയെടുത്താണ് മന്ത്രിയെ ക്രൂശിക്കാൻ ശ്രമിക്കുന്നത്. മന്ത്രിക്കെതിരെയുള്ളത് 'ഇഷ്ടമില്ലാത്ത അച്ചിയോടുള്ള വിരോധം'. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ അദ്ദേഹം പാർട്ടി പ്രവർത്തകരെയും വിമർശിക്കുന്നുണ്ട്. പ്രസംഗം മുഴുവൻ കേട്ടാൽ വിമർശനങ്ങളെല്ലാം ഇല്ലാതാകുമെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റി ഫേസ്ബുക്കിൽ കുറിച്ചു.
മല്ലപ്പള്ളി ഏരിയ കമ്മിറ്റിയാണ് സജി ചെറിയാന്റെ പ്രസംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ അൽപ സമയം മുമ്പ് ഈ പ്രസംഗം എഫ്ബി പേജിൽ ഒഴിവാക്കിയിട്ടുണ്ട്.
മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ വിശദീകരണം
ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ നടത്തിയപ്രസംഗം സാമൂഹ്യ വികാസത്തെപ്പറ്റിയും ചൂഷണത്തെപ്പറ്റിയുമായിരുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ, ചൂഷണത്തിന്റെ ക്രൂരമുഖം, പാവപ്പെട്ട ജനതയുടെ ഇന്ത്യനവസ്ഥ, ഇതൊക്കെയാണ് പറഞ്ഞത്. അതൊക്കെ ആർക്കെങ്കിലും നിഷേധിക്കാനാകുമോ? ഇന്ത്യൻ ഭരണഘടനയ്ക്കു കീഴിലാണ് ഇതൊക്കെ നടക്കുന്നത്. അംബാനിയും അദാനിയും ആകാശത്തോളം വളരുന്നത് ഇന്ത്യൻ ജനതയെ ചൂഷണം ചെയ്തു തന്നെയാണ്. പട്ടിണിക്കാരൻ തെരുവിൽ മരിച്ചു വീഴുന്നതും ഇവിടെ തന്നെയാണ്. ഈ Contextലാണ് അദ്ദേഹം പറഞ്ഞത്.അതിൽ നിന്ന് ഒരു വാക്യം അടർത്തിമാറ്റി അദ്ദേഹത്തെ ക്രൂശിക്കുന്നത് ഭരണഘടനയോടുള്ള കൂറുകൊണ്ടൊന്നുമല്ല. ഇഷ്ടമില്ലാത്ത അച്ചിയോടുള്ള വിരോധമാണ്. ഒരു മണിക്കൂർ നീണ്ട പ്രസംഗം, അതിൽ അദ്ദേഹം പാർട്ടി പ്രവർത്തകരേയും വിമർശിക്കുന്നുണ്ട്. ആ പ്രസംഗം മുഴുവൻ കേട്ടാൽ ഈ വിമർശനമൊക്കെ ഇല്ലാതാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam