
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിഗവൺമെന്റ് സൈക്ലോൺ എന്ന് എ കെ ആന്റണി. സർക്കാർ വിരുദ്ധ ചുഴലിക്കാറ്റാണ് ആഞ്ഞുവീശിയതെന്നും എകെ ആന്റണി പറഞ്ഞു. ഈ കൊടുങ്കാറ്റിന്റെ ശക്തി കേരളത്തിലുടനീളമുള്ള ഇടതുപക്ഷ കോട്ടകൾക്ക് പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതായിപ്പോയി. നിഷ്പക്ഷ വോട്ടുകൾ കോൺഗ്രസിന് കിട്ടി. ഇടതുപക്ഷ വോട്ടുകളും ഇടതുപക്ഷത്തെ കയ്യൊഴിഞ്ഞ് യുഡിഎഫിനൊപ്പം എത്തിയെന്നും എകെ ആന്റണി പറഞ്ഞു. ഇനിയും ഒരു തുടർഭരണം ഉണ്ടായാൽ കേരളത്തിൽ ഒരു മഹാദുരന്തം ആയിരിക്കും എന്ന് അവർ ഭയപ്പെട്ടു. വോട്ട് ചെയ്ത എല്ലാവർക്കും ഞങ്ങൾ നന്ദി പറയുന്നു. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു ചെറിയ ഭാഗം ബിജെപിക്കും ലഭിച്ചു
കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണല്ല. കേരളം ഒരു മതേതര മണ്ണാണെന്ന് വ്യക്തമാക്കിയ എകെ ആന്റണി ബിജെപിയുടെ വിജയം താൽക്കാലികമാണെന്നും അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ ശില്പി ഇവിടുത്തെ ജനങ്ങളാണ്. സർക്കാർ രൂപീകരണം വൈകാതെ ഉണ്ടാകും. തർക്കങ്ങൾ ഇല്ലാതെ പരിഹരിക്കുമെന്നും ആന്റണി വ്യക്തമാക്കി. മാധ്യമങ്ങൾക്കും കുറച്ചുകൂടി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം സർക്കാരിന് കീഴിൽ ഉണ്ടാകും. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ജനങ്ങൾക്ക് അപ്രാപ്യൻ ആയി മാറി. എൽഡിഎഫ് ജനങ്ങളിൽ നിന്ന് അകന്നുപോയി. അതിന്റെ ദുരന്തം അവർ അനുഭവിക്കുന്നു. ഇനിമുതൽ സെക്രട്ടറിയേറ്റിന്റെ വാതിലുകൾ ജനങ്ങൾക്ക് വേണ്ടി തുറന്നു വയ്ക്കുമെന്നും എകെ ആന്റണി പറഞ്ഞു. 102 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേറുന്നത്. ഇടതുകോട്ടകളിലുള്‍പ്പടെ എൽഡിഎഫ് നേരിട്ടത് ദയനീയപരാജയമാണ്. മൂന്നിടങ്ങളിൽ അക്കൌണ്ട് തുറക്കാൻ ബിജെപിക്ക് സാധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam