
തിരുവനന്തപുരം: ആന്‍റോ ആന്‍റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ്. ആന്‍റോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചു, തന്ത്രി കണ്ഠര് രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഫിനാൻസ് ഉടമ എൻ എം രാജു വ്യക്തമാക്കി. ആന്‍റോ ആന്‍റണി 2019 തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്ത് പല തവണ വന്നിരുന്നു, പ്രചരണത്തിന്‍റെ ഭാഗമായി 2 കോടി രൂപ പലിശക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞത്. വർഷം 7 കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും എൻ എം രാജു വ്യക്തമാക്കി.
നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു വർഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, അന്വേഷണത്തിന്‍റെ ഭാഗമായി സ്ഥാപനത്തിന്‍റെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻഎം രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പൊലീസ് കേസുകൾ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2014 മേയ് ഏഴിന് സ്ഥാപനയുടമ എൻ.എം.രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
2024 ജൂലൈ മുതൽ ഈ തട്ടിപ്പിൽ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോൾ അദ്ദേഹം പരാതിപോലും നൽകിയില്ലെന്നും ആയിരുന്നു ആരോപണം. ഇതിൽ വ്യക്തത വരുത്താൻവ്യാഴാഴ്ച ഇവിടെ ഇഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam