
കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. സീറ്റ് ചർച്ച അന്തിമഘട്ടത്തിലായിട്ടില്ല. മത്സരിക്കാൻ താത്പര്യമറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് നൽകിയെന്നും സികെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'സീറ്റ് ചർച്ച അന്തിമ ഘട്ടത്തിലേക്ക് വന്നിട്ടില്ല. അതിന്റെ പ്രോസസ് വളരെ ലൈവായി നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാളുകളിലൊക്കെ അത്തരമൊരു ചർച്ച നടക്കുന്നുണ്ട്. അന്തിമ തീരുമാനം എന്ന നിലയിലേക്ക് വന്നിട്ടില്ല. എന്തായാലും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നമ്മൾ. ഇപ്പോൾ മൊത്തത്തിലുളള അവസ്ഥ നോക്കുമ്പോൾ പരിഗണിക്കാതിരിക്കാനുള്ള വേറെ സാധ്യതകളോ പ്രശ്നങ്ങളോ ഇല്ല. അപ്പോൾ പരിഗണിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഉള്ളത്. താത്പര്യമറിയിച്ച് ലെറ്റർ കൊടുത്തിട്ടുണ്ട്. ഇന്ന സ്ഥലത്ത്, ഇന്ന സീറ്റ് തന്നാലേ ഞങ്ങൾ വരൂ അങ്ങനെ ഞങ്ങൾ പറഞ്ഞിട്ടില്ല'. സികെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏതെങ്കിലും സാഹചര്യത്തിൽ സീറ്റ് നിഷേധിക്കപ്പെടുകയാണെങ്കിൽ എന്തായിരിക്കും ജെആർപിയുടെ തീരുമാനമെന്ന ചോദ്യത്തിന്, അങ്ങനെയൊരു സാധ്യതയില്ലെന്നാണ് തോന്നുന്നതെന്ന് സികെ ജാനു മറുപടി നൽകി. അങ്ങനെ വന്നാൽ ആ സമയത്ത് ജെആർപി ഒരു നിലപാട് സ്വീകരിക്കും. ഒന്ന് ബാലുശ്ശേരിയും ഒന്ന് മാനന്തവാടിയുമാണ് ഉന്നയിച്ചിരിക്കുന്നത്. അതിന് വേറെ സാങ്കേതിക പ്രശ്നങ്ങളൊന്നും കാണുന്നില്ല. അങ്ങനെ വന്നാൽ ആ സമയത്ത് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാമെന്നും സികെ ജാനു കൂട്ടിച്ചേർത്തു.
വയനാട്ടില്‍ യുഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ മാനന്തവാടിയിലും ബത്തേരിയിലും സ്വതന്ത്രരരായി മത്സരിക്കുമെന്ന് ജെആർപി ജില്ലാ നേതൃത്വം. യുഡിഎഫ് സീറ്റ് വാഗ്ദാനം ചെയിതിട്ടാണ് മുന്നണിയിലേക്ക് എത്തിയതെന്നും ജില്ല നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ജില്ല നേതൃത്വത്തെ തള്ളിയ സി കെ ജാനു നേതാക്കളുടേത് വൈകാരിക പ്രകടനം മാത്രമെന്ന് വ്യക്തമാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam