ഒരു ജീവൻ എട്ടായി പകുത്ത് നൽകിയ അനുജിത്തിന് വേദനയോടെ, സ്നേഹത്തോടെ വിട നൽകി നാട്

By Web TeamFirst Published Jul 22, 2020, 6:22 PM IST
Highlights

വേര്‍പാട് വലിയ വേദനയാണ് നല്‍കുന്നു എങ്കിലും അനുജിത്തിന്‍റെ സല്‍പ്രവൃത്തികളെ ദുഖത്തോടെ സ്മരിക്കുകയാണ് ഒരു നാടുമുഴുവന്‍. അനുജിത്തിന്‍റെ ഭാര്യ പ്രിന്‍സി ഒരു സ്വര്‍ണക്കടയിലെ ജോലിക്കാരിയാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. 

കൊല്ലം: അവയവദാനത്തിലൂടെ എട്ട് പേർക്ക് ജീവൻ പകുത്ത് നൽകിയ കൊട്ടാരക്കര സ്വദേശി അനുജിത്തിന്‍റെ സംസ്കാരം ഇരുമ്പനങ്ങാട്ടുള്ള വീട്ടുവളപ്പില്‍ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നാട്ടിലെ ലൈബ്രറിയില്‍ പൊതുദര്‍ശത്തിന് വച്ചശേഷമാണ് മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് കൊണ്ട് പോയത്. കൊവിഡ് വ്യാപന സമയത്ത് അനുജിത്ത് നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

അഗ്നിശമന സേനയിലെ സന്നദ്ധ സേനയില്‍ പരിശീലനം നേടിയശേഷം കൊവിഡ് വ്യാപനത്തിന്‍റെ നാള്‍മുതല്‍ അണുവിമുക്തമാക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍ അനുജിത് സജീവമായിരുന്നു. രണ്ട് മാസം കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളില്‍ അനുജിത്തും കൂട്ടുകാരും സേവന രംഗത്ത് ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ നാട്ടിലെ എല്ലാ പരിപാടികളിലും അനുജിത്തും പങ്കാളിയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്‍റെ ഏക ആശ്രയം കൂടി ആയിരുന്നു അനുജിത്. 

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. അന്ന് മുതല്‍ സുഹൃത്തുക്കളുടെ വലിയൊരു സംഘം ആശുപത്രിയില്‍ ഉണ്ടായിരുന്നു. വേര്‍പാട് വലിയ വേദനയാണ് നല്‍കുന്നു എങ്കിലും അനുജിത്തിന്‍റെ സല്‍പ്രവൃത്തികളെ ദുഖത്തോടെ സ്മരിക്കുകയാണ് ഒരു നാടുമുഴുവന്‍. അനുജിത്തിന്‍റെ ഭാര്യ പ്രിന്‍സി ഒരു സ്വര്‍ണക്കടയിലെ ജോലിക്കാരിയാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. 

തിരുവനന്തപുരത്തെ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്‍റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെ തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ് മാറ്റിവെച്ചത്. ഇദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം കൊച്ചി ലിസി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ് സണ്ണി തോമസ്. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ അനുജിത്തിന്‍റെ ചെറുകുടൽ പാലക്കാട് സ്വദേശിയായ സ്ത്രീക്കും, രണ്ട് കൈകൾ 23 വയസ്സുള്ള ചെറുപ്പക്കാരനും ഇന്നലെ തന്നെ തുന്നി ചേർത്തിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

click me!