
തിരുവനന്തപുരം: അനുപമ (anupam) അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ (Adoption) സംഭവത്തില്‍ വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. എത്രയും പെട്ടെന്ന് പ്രാഥമിക കണ്ടെത്തലുകളോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം.
പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും എന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞത്. ശിശുക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവിടങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് സൂചന. കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാകും പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുക. ദത്തെടുക്കല്‍ നടപടിയില്‍ നാളെ വഞ്ചിയൂര്‍ കുടുംബ കോടതിയിലെ വിവരങ്ങളും ഏറെ പ്രധാനമാണ്. സര്‍ക്കാരിന്‍റെ സത്യവാങ്ങ്മൂലത്തിലെ കോടതി നിലപാട് നാളെ അറിയാന്‍ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസിലാണ് അനുപമ ആദ്യ പരാതി നല്‍കിയത്. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്.
തുടക്കം മുതൽ ഒളിച്ചുകളിച്ച പൊലീസും ഇപ്പോൾ അന്വേഷണം സജീവമാക്കിയിട്ടുണ്ട്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് സമിതിക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ 19 നും 25 നും ഇടയിൽ ലഭിച്ച കുട്ടികളുട വിവരം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam