മിഠായിത്തെരുവിൽ ഒരു രൂപക്ക് ഷൂ വാങ്ങാനെത്തിയത് ഇരുപതിനായിരത്തിലധികം പേർ.  സംഭവത്തിൽ കട ഉടമകൾക്കെതിരെ കേസെടുത്തു.

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ ഒരു രൂപക്ക് ഷൂ വാങ്ങാനെത്തിയവരുടെ തിരക്ക്. ഇരുപതിനായിരത്തിലധികം പേരാണ് ഓഫറിനെ തുടർന്ന് കടയ്ക്ക് മുന്നിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കട ഉടമകൾക്കെതിരെ കേസെടുത്തു. കട നടത്തിപ്പുകാരായ എട്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മതിയായ സുരക്ഷ ഒരുക്കാതെ ആൾക്കൂട്ടത്തെ വിളിച്ചുവരുത്തിയെന്നാണ് കേസ്. അനുമതി ഇല്ലാതെ കട തുറക്കരുതെന്നും പൊലീസ് നിർദേശം നൽകി.

മിഠായിത്തെരുവിൽ ഷൂ വാങ്ങാനായി ഇരുപതിനായിരത്തിലധികം പേർ എത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. മം​ഗലാപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുവരെയും ആളുകൾ എത്തിയിട്ടുണ്ട്. കടയ്ക്ക് മുന്നിൽ ആളുകൾ തടിച്ചുകൂടിയതോടെ സംഘർഷ സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തി വീശി. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാ​ഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ജെൻസി കുട്ടികൾ കടയ്ക്ക് മുന്നിൽ തമ്പടിച്ചു.