Anupama Baby : 'നടന്നത് കുട്ടിക്കടത്ത്, സിബിഐ അന്വേഷണം വേണം, സമരം തുടരും', അനുപമ

By Web TeamFirst Published Nov 23, 2021, 10:23 AM IST
Highlights

കുഞ്ഞിന് അനുപമയും അജിത്തും ചേർന്ന് പേര് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കിട്ടിയാൽ ആ പേര് വിളിക്കണമെന്നാണാഗ്രഹമെന്ന് അനുപമ പറയുന്നു. സംഭവിച്ചതിനെല്ലാം ഉത്തരവാദി താനാണെന്ന് വരുത്തിത്തീർക്കാനാണ് ഷിജൂഖാൻ അടക്കമുള്ളവർ ശ്രമിക്കുന്നതെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട്. 

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിർണായകമായ ഡിഎൻഎ പരിശോധനാഫലം ഇന്നോ നാളെയോ വരാനിരിക്കെ ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവർക്കെതിരെ കടുത്ത ആരോപണങ്ങളുമായി അനുപമ രംഗത്ത്. ഇപ്പോൾ സംഭവത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ പറയുന്നു. നടന്നത് കുട്ടിക്കടത്താണ്, സംഭവത്തിൽ സിബിഐ അന്വേഷണം വേണം. അന്വേഷണമാവശ്യപ്പെടാനുള്ള നടപടികൾ തുടങ്ങിയെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ സുനന്ദയും ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനും അടക്കമുള്ളവരും പൊലീസും ചേർന്ന് തെളിവ് നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭവിച്ച വീഴ്ചകൾ മുഴുവൻ തന്‍റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം. കുഞ്ഞിനെ കിട്ടിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും, ഇതിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം ചെയ്യുമെന്നും അനുപമ വ്യക്തമാക്കുന്നു. 

കുഞ്ഞിന് അനുപമയും അജിത്തും ചേർന്ന് പേര് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കിട്ടിയാൽ ആ പേര് വിളിക്കണമെന്നാണാഗ്രഹമെന്ന് അനുപമ പറയുന്നു. 

ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്‍റെ ഡിഎന്‍എ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിൽ നേരിട്ടെത്തി രക്തസാമ്പിൾ നൽകിയിരുന്നു. ഡിഎൻഎ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികൾ ചൈൽഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍.

ഈ മാസം മുപ്പതാം തീയതിക്ക് അകം ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

ഒക്ടോബര്‍ 14-ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകളും, പൊലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത്കൊണ്ടുവന്ന തുടര്‍വാര്‍ത്തകളുമുണ്ടായി. തുടർന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുകയായിരുന്നു.

click me!