Horticorp : ആത്മഹത്യയുടെ വക്കിൽ കാന്തല്ലൂരിലെ കർഷകർ, ഹോർട്ടികോർപ്പ് നൽകാനുള്ളത് ലക്ഷങ്ങൾ

By Web TeamFirst Published Nov 23, 2021, 9:02 AM IST
Highlights

ഭാര്യയുടെ കെട്ടുതാലി പണയം വച്ചും കൊള്ളപ്പലിശയ്ക്ക് പണമെടുത്തുമാണ് കാന്തല്ലൂര്‍ പുത്തൂരിലെ കര്‍ഷകനായ ദുരൈ രാജ് കൃഷിയിറക്കിയത്. വിളവെടുത്താൽ ഒറ്റ ആഴ്ചക്കുള്ളിൽ കര്‍ഷകരിൽ പണമെത്തുമെന്ന അന്നത്തെ കൃഷി മന്ത്രി സുനിൽകുമാറിന്‍റെ വാക്ക് ദുരൈരാജ് വിശ്വസിച്ചു. 

ഇടുക്കി: കൊല്ലങ്ങളായിട്ടും വാങ്ങിയ പച്ചക്കറിക്ക് ഒരു രൂപ പോലും കൊടുക്കാതെ കാന്തല്ലൂരിലെ കര്‍ഷകരെ വഞ്ചിച്ച് ഹോര്‍ട്ടികോര്‍പ്പ്. പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് ഇവർക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. കടം വാങ്ങി കൃഷി ചെയ്ത കര്‍ഷകരിപ്പോൾ ആത്മഹത്യയുടെ വക്കിലാണിപ്പോൾ. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ് റിപ്പോർട്ട്. 

ഭാര്യയുടെ കെട്ടുതാലി പണയം വച്ചും കൊള്ളപ്പലിശയ്ക്ക് പണമെടുത്തുമാണ് കാന്തല്ലൂര്‍ പുത്തൂരിലെ കര്‍ഷകനായ ദുരൈ രാജ് കൃഷിയിറക്കിയത്. വിളവെടുത്താൽ ഒറ്റ ആഴ്ചക്കുള്ളിൽ കര്‍ഷകരിൽ പണമെത്തുമെന്ന അന്നത്തെ കൃഷി മന്ത്രി സുനിൽകുമാറിന്‍റെ വാക്ക് ദുരൈരാജ് വിശ്വസിച്ചു. വിളവെടുത്തതെല്ലാം ഹോര്‍ട്ടികോര്‍പ്പിന് കൈമാറി. എന്നാൽ ഒരു രൂപ പോലും കിട്ടിയില്ല. 

''എന്തെങ്കിലും പണം കിട്ടിയാൽ, പലിശയ്ക്ക് പണം വാങ്ങിയവരോട് അതും കൊടുത്ത്, എന്തെങ്കിലും പറഞ്ഞ് പിടിച്ചുനിൽക്കാം. അതുമില്ല. ഞങ്ങളൊക്കെ ഇത് വച്ചാണ് ജീവിക്കുന്നത്'', ദുരൈരാജ് പറയുന്നു. 

മണ്ണിൽ പണിയെടുത്ത് വിളയിച്ച വിളകളുടെ വിലയ്ക്കായുള്ള കാത്തിരിപ്പ് നാലാമത്തെ കൊല്ലത്തിലെത്തി നിൽക്കുന്നു. എറണാകുളത്തെ സ്വകാര്യ ജോലി വിട്ട് കൃഷിപ്പണിയിലേക്കിറക്കിയ യുവ കര്‍ഷകൻ അരവിന്ദിനും പറയാനുള്ളത് ഇതേ വഞ്ചനയുടെ കഥ തന്നെയാണ്. 

''ഫേസ്ബുക്കിലും വാട്സാപ്പിലും കർഷകർക്ക് പിന്തുണയുമായി ലൈക്കും ഷെയറും ചെയ്യാൻ ഒരുപാട് പേരുണ്ട്. പക്ഷേ ശരിക്ക് കർഷകരെ പിന്തുണയ്ക്കാൻ ഒരാളുമില്ല, ഒരാൾക്കും താത്പര്യവുമില്ല'', എന്ന് അരവിന്ദ് പറയുന്നു. 

ഏതാണ്ട് 22 കർഷകർക്ക് കാന്തല്ലൂർ പഞ്ചായത്തിൽ മാത്രം ഹോർട്ടികോർപ്പ് പണം കൊടുക്കാനുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മോഹനൻ പറയുന്നു. ''കഴിഞ്ഞ കൃഷിവകുപ്പ് മന്ത്രിയുടെ അടുത്തും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അടുത്തും ഒരുപാട് പരാതി പറഞ്ഞിട്ടും, അവരൊരു നടപടിയും എടുത്തിട്ടില്ല'', എന്ന് മോഹനൻ.

പച്ചക്കറിക്ക് ഗുണനിലവാരമില്ലാത്തതുകൊണ്ടാണ് പണം അനുവദിക്കാത്തതെന്നാണ് ഹോർട്ടികോർപ്പിന്‍റെ വിശദീകരണം. ''ഗ്രേഡ് ചെയ്ത് സോർട്ട് ചെയ്ത് വേണം പച്ചക്കറികൾ കർഷകർ നമുക്ക് തരേണ്ടത്. എന്നാൽ അവരങ്ങനെ ഗ്രേഡ് ചെയ്ത് സോർട്ട് ചെയ്യാതെ, മിക്സഡായിട്ടാണ് തരുന്നത്. പലപ്പോഴും പച്ചക്കറി മാർക്കറ്റിലെത്തുമ്പോഴേക്ക് 20 മുതൽ 25 ശതമാനം വരെ കേടായിപ്പോകുന്നുണ്ട്'', എന്ന് ഹോർട്ടികോർപ്പ് ജില്ലാ മാനേജർ പമീല ന്യായീകരിക്കുന്നു. 

നാല് കൊല്ലം മുമ്പ് ഇങ്ങനെയൊരു വ്യവസ്ഥ തന്നെ ഇല്ലായിരുന്നെന്നും പച്ചക്കറി ഇറക്കുമ്പോൾ ഗുണനിലവാരത്തെക്കുറിച്ച് ഹോർട്ടികോർപ്പിന് പരാതിയൊന്നും ഇല്ലായിരുന്നെന്നും കർഷകർ പറയുന്നു. കുടിശ്ശിക തരാതിരിക്കാനുള്ള പുതിയ ന്യായമാണിതെന്നും കർഷകർ ആരോപിക്കുന്നു.

റിപ്പോർട്ട് കാണാം:

click me!