'കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ'; സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് അനുപമ

By Web TeamFirst Published Oct 23, 2021, 3:58 PM IST
Highlights

ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം. 
ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

തിരുവനന്തപുരം: കോടതിയില്‍ ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ (Anupama). കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്‍റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്നും സിഡബ്ല്യുസിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. സിഡബ്ല്യുസിക്ക് എതിരെയും ശിശുക്ഷേമ സമിതിക്ക് എതിരെയും നടപടി എടുക്കണമെന്നും അനുപമ പഞ്ഞു. സമരം തുടരുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു. 

ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം. കുഞ്ഞിന്‍റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അതേസമയം, സംഭവത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവന്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആണ്‍കുഞ്ഞിനെ രജിസ്റ്ററില്‍ പെണ്‍കുഞ്ഞാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.

click me!