
തിരുവനന്തപുരം: മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്‍റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും മനസിലായിട്ടുണ്ട്.
മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്നാണ് മനസിലാകുന്നത്. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എമ്പുരാൻ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എമ്പുരാനിൽ സീനുകൾ വെട്ടാൻ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘപരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. വിമർശനങ്ങൾ കടുക്കുമ്പോഴും അണിയറക്കാർ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam