'ആരായാലും തൂക്കി എടുത്ത് അകത്ത് ഇടാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്', ശബരിമല സ്വർണ്ണ കൊള്ളയിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

Published : Nov 20, 2025, 05:33 PM IST
raju abraham

Synopsis

എസ് ഐ ടി അന്വേഷണത്തിൽ തെളിവുകളോടെ വന്നാൽ ആരായാലും ചോദ്യം ചെയ്യപ്പെടണം. ആരാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കട്ടെയെന്നും സി പി എം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

പത്തനംതിട്ട: ശബരിമല സ്വർണ്ണ കൊള്ള അന്വേഷണത്തിൽ കർശന നടപടി ഉറപ്പാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും രാജു എബ്രഹാം വ്യക്തമാക്കി. ഇനി പാർട്ടി പ്രവർത്തകൻ ആണെങ്കിലും കർശന നടപടി ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാൻ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കർശന നടപടി ഉണ്ടാകുമെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി വിവരിച്ചു. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണത്തിലൂടെ ഭക്തരുടെ വിശ്വാസം സർക്കാർ നേടിയെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ പത്മകുമാറിന്റെ ചോദ്യം ചെയ്യൽ നടക്കുന്ന വേളയിലായിരുന്നു രാജു എബ്രഹാം പ്രതികരിച്ചത്. എസ് ഐ ടി അന്വേഷണത്തിൽ തെളിവുകളോടെ വന്നാൽ ആരായാലും ചോദ്യം ചെയ്യപ്പെടണം. ആരാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കട്ടെയെന്നും സി പി എം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

പത്മകുമാർ അറസ്റ്റിൽ

അതേസമയം ചോദ്യം ചെയ്യലിനൊടുവിൽ എ പത്മകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന പത്മകുമാറിനെ, തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും. കട്ടിള പാളി കേസിൽ ബോർഡിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ് ഐ ടിയുടെ പ്രാഥമിക കണ്ടെത്തൽ.

പത്മകുമാർ എട്ടാം പ്രതി

കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019 ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ് ഐ ടി തയ്യാറാക്കിയ എഫ് ഐ ആർ. അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെ ഉദ്യോഗസ്ഥരും ബോർഡ് തീരുമാനം എന്നാണ് മൊഴി നൽകിയത്. 2019 ൽ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയിൽ പത്മകുമാർ സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ