
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് ആയിട്ടില്ലെന്ന് പാർട്ടി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിശകലനം ചെയ്യും. പോരായ്മകൾ വിമർശനപരമായി പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപി ജയിക്കുന്നിടത്ത് സിപിഎം കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നത് തിരിച്ചടിയാണ്. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
അതേസമയം, കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും രംഗത്തെത്തി. പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും വെവ്വേറെ കത്തയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നീക്കം.
ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കൈകൊർത്ത് സുരേന്ദ്രനെതിരെ പടയൊരുക്കം നടത്തുകയാണ്. കേന്ദ്ര നേതൃത്വത്തിന് ഇരുപക്ഷവും വെവ്വേറെ നൽകിയ കത്തുകൾ സുരേന്ദ്രനെതിരായ കുറ്റപത്രം തന്നെയാണ്. 2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിൻറെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിൻറെയും വിമർശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതീക്ഷിച്ച നേട്ടത്തിൻറെ അടുത്തുപോലും എത്തിയില്ല. എല്ലാം സുരേന്ദ്രൻ ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam