ഖാദർ ഉയർത്തിയത് ഭാരത സംസ്കാരം, ലീഗ് പുറത്താക്കിയാലും അനാഥനാകില്ല: അബ്ദുള്ളക്കുട്ടി

Published : Jun 23, 2022, 12:10 PM ISTUpdated : Jun 23, 2022, 12:21 PM IST
ഖാദർ ഉയർത്തിയത് ഭാരത സംസ്കാരം, ലീഗ് പുറത്താക്കിയാലും അനാഥനാകില്ല: അബ്ദുള്ളക്കുട്ടി

Synopsis

മുസ്ലീം ലീഗ് കെഎൻഎ ഖാദറിനെ പുറത്താക്കിയാലും അദ്ദേഹം അനാഥനാവില്ലെന്നും ഖാദറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിനുള്ളിൽ വിമർശനം നേരിടുന്ന മുൻ എംഎൽഎ കെഎൻഎ ഖാദറിനെ  ഒപ്പം നിർത്താനുള്ള കരുനീക്കവുമായി ബിജെപി. ഭാരതീയ സംസ്കാരമാണ് കെഎൻഎ ഖാദർ ഉയർത്തിപ്പിടിക്കുന്നതെന്നും ദേശീയ രാഷ്ട്രീയത്തിലടക്കം പ്രാധാന്യമുള്ള വ്യക്തിയാവാൻ ഖാദറിനാവുമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. മുസ്ലീം ലീഗ് കെഎൻഎ ഖാദറിനെ പുറത്താക്കിയാലും അദ്ദേഹം അനാഥനാവില്ലെന്നും ഖാദറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

ഭാരത സംസ്കാരമാണ് കെ എൻ എ ഖാദർ ഉയർത്തിപ്പിടിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലുൾപ്പെടെ പ്രാധാന്യം ഉള്ള വ്യക്തിയാകാൻ ഖാദറിന് കഴിയും. മുസ്ലീം ലീഗ് ഖാദറിനോട് കളിക്കേണ്ട, ലീഗ് പുറത്താക്കിയാലും ഖാദർ അനാഥനാകില്ല. വേദങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള വ്യക്തിയാണ് ഖാദർ. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല.  മുസ്ലീം ലീഗ് തീവ്ര ഗ്രൂപ്പുകൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ്. കെഎൻഎ ഖാദറിനെതിരെ മുസ്ലീം തീവ്ര ഗ്രൂപ്പുകൾ അനാവശ്യ വിവാദമാണ് ഉയർത്തുന്നത്..

അതേസമയം കെ.എൻ.എ ഖാദർ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ അല്ലെന്നും കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണെന്നും ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. കെ.എൻ.എ ഖാദർ എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ലീഗ് ഖാദറിനെതിരെ നടപടി എടുത്താൽ സംവാദങ്ങളെ ഭയപ്പെടുന്നു എന്നാണ് അതിലൂടെ മനസ്സിലാക്കേണ്ടതെന്നും പറഞ്ഞ എംടി രമേശ് ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നാൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്ന് അർത്ഥമില്ലെന്നും വ്യക്തമാക്കി. 

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനോട് ലീഗ് നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചിരുന്നു. ഖാദറിന്‍റെ നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിക്കാർ ആരെങ്കിലും വിളിച്ചാൽ പോകേണ്ടവര്‍ അല്ലെന്നായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. എന്നാല്‍ താന്‍ പങ്കെടുത്തത് സാംസ്കാരിക സമ്മേളനത്തിലെന്നാണ് കെഎന്‍എ ഖാദറിന്‍റെ നിലപാട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം