
തിരുവനന്തപുരം: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതിനെതിരെ പ്രതിഷേധമുയരുമ്പോള്‍ പ്രതികരണവുമായി എ പി അബ്‍ദുള്ളക്കുട്ടി. എക്സൈസ് തീരുവ കൂട്ടിയതോടെ നിലവിലെ വില കൂടുന്നില്ലെങ്കിലും 39000 കോടി രൂപ തീരുവയായി സർക്കാർ ഖജനാവിൽ എത്തും.
അതെല്ലാം നരന്ദ്ര മോദി സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾക്ക് വേഗം പകർന്ന് ജനങ്ങളിലേക്ക് എത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സ്വഛ് ഭാരത്, ഉജ്ജ്വൽ യോജന, ആവാസ് യോജന, കൃഷി സമ്മാൻ പദ്ധതി എന്നിങ്ങനെ 350ല്‍ അധികം ക്ഷേമ പദ്ധതികളായാണ് ജനകോടികളിലെക്ക് എത്തുക.
രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചു. അതുകൊണ്ട് ഈ നികുതി പണമെല്ലാം സത്യസന്ധനായ മോദിയുടെ കൈകളിൽ സുരക്ഷിതമാണെന്നും ബിജെപി ഉപാധ്യക്ഷന്‍ അബ്‍ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പെട്രോളിനും ഡീസലിനും റോഡ് സെസ് അടക്കം ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവിലക്ക് അനുസരിച്ച് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കാണ്.
കൊവിഡ് 19 ഭീഷണിയും രാജ്യാന്തര വിപണിയില്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികള്‍ മൂലവും എണ്ണ വില ഇപ്പോള്‍ 33 ഡോളറിനരികെയാണ്. സമീപകാലത്തൊന്നും എണ്ണവില ഇത്രയും താഴ്ന്നിട്ടില്ല. അതു കൊണ്ടു തന്നെ രാജ്യത്ത് പെട്രോളിന്‍റേയും ഡീസലിന്‍റെയും വില എണ്ണക്കമ്പനികള്‍ ആനുപാതികമായി കുറക്കേണ്ടതായിരുന്നു. ലിറ്ററിന് കുറഞ്ഞ് 5 രൂപയെങ്കിലും ഉടന്‍ കുറയേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതോടെ വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താവിന് നഷ്ടമാകുകയാണ്
എ പി അബ്‍ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ക്രൂഡോയിൽ വില കുറഞ്ഞിട്ടും
ഇന്ത്യ പെട്രോൾ, ഡീസൽ
തീരുവ കൂട്ടിയതാണ്
ഇന്നത്തെ പ്രധാന ചർച്ചാ വിഷയം ....
നിലവിലെ വില കൂടുന്നില്ലെങ്കിലും...
39000 കോടി രൂപ തീരുവയായി സർക്കാർ ഖജനാവിൽ എത്തും
അതെല്ലാം നരന്ദ്രമോദി
സർക്കാറിന്റെ ക്ഷേമ പദ്ധതികൾക്ക് വേഗംപകർന്ന് ജനങ്ങളിലേക്കെ ത്തുകതന്നെചെയ്യും....
നികുതിയുടെ പ്രാധാന്യത്തെ പറ്റി
ഭാരതീയരെ ലളിതമായി പറഞ്ഞ് പഠിപ്പിച്ചത് കവി കാളിദാസനാണ്
രഘുവംശത്തിൽ
ദീലീപ മഹാരാജാവിന്റെ നികുതിയെ പറ്റി കവി വിവരിക്കുന്നത് ഇങ്ങനെയാണ്
" രാജാവിന്റെ ടാക്സ് സൂര്യഭഗവാന്റെ പ്രവൃത്തി പോലെയാണ്
സൂര്യൻ ഭൂമിയിലെ ജലംനിരാവാക്കി
കാർമേഘങ്ങൾ ഉണ്ടാക്കുന്നു
അത് മഴയെന്ന അനുഗ്രമായി ഭൂമിയിലേക്ക് പ്രജകളിലേർക്ക് തിരിച്ചു
പെയ്തിറങ്ങുന്നു
നരേന്ദ്ര മോദിയുടെ നികുതികൾ
ഇതുപോലെതന്നെയാണ്
സ്വഛ് ഭാരത് , ഉജ്ജ്വൽ യോജന ,
ആവാസ് യോജന,
കൃഷി സമ്മാൻ പദ്ധതി ....
ഇമ്മാതിരി 350 ലധികം
ക്ഷേമ പദ്ധതികളായി ദാരിദ്ര ജനകോടികളിലെക്ക് എത്തിക്കുന്നു....
സർക്കാർ മുതൽ
കട്ട് മുടിച്ച് സ്വീസ് ബേങ്കിൽ
നിക്ഷേപിക്കുന്ന ആരും
മോദി സർക്കാറിൽ ഇല്ല
രാജ്യധനം കട്ട് അഞ്ച് ഭൂഖണ്ഡത്തിലും നിക്ഷേപം നടത്തിയ ചിദംബരത്തിന്റെ ഭരണകാലം അവസാനിച്ചു
അത് കൊണ്ട്
ഈ നികുതി പണമെല്ലാം രാഷ്ട്രീയ സന്യാസിയാ സത്യസന്ധനായ മോദിജിയുടെ കൈകളിൽ സുരക്ഷിതമാണ്
തീർച്ച ....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam