ബിജെപിയിലേക്ക് പോകുന്ന പ്രശ്നമില്ല, ആദർശം പഠിപ്പിക്കാൻ സുധീരൻ വേണ്ട: അബ്ദുള്ളക്കുട്ടി

Published : May 30, 2019, 02:26 PM ISTUpdated : May 30, 2019, 02:28 PM IST
ബിജെപിയിലേക്ക് പോകുന്ന പ്രശ്നമില്ല, ആദർശം പഠിപ്പിക്കാൻ സുധീരൻ വേണ്ട: അബ്ദുള്ളക്കുട്ടി

Synopsis

വീക്ഷണത്തിനെതിരെ ആ‌ഞ്ഞടിച്ച അബ്ദുള്ളക്കുട്ടി, സുധീരനെ കണക്കറ്റ് പരിഹസിക്കുന്നു. അരബക്കറ്റ് വെള്ളത്തിൽ തലയും മീശയും കറുപ്പിച്ച് ചാനലിൽ ജൈവവളത്തെക്കുറിച്ച് പ്രസംഗിക്കുന്ന സുധീരൻ എന്നെ ആദർശം പഠിപ്പിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി.

തിരുവനന്തപുരം: മോദി അനുകൂല പരാമർശത്തിന്‍റെ പേരിൽ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ 'വീക്ഷണ'ത്തിനും വി എം സുധീരനുമെതിരെ ആഞ്ഞടിച്ച് എ പി അബ്ദുള്ളക്കുട്ടി. അരബക്കറ്റ് വെള്ളത്തിൽ തലയും മീശയും കറുപ്പിച്ച് ചാനലിൽ ജൈവവളത്തെക്കുറിച്ച് പ്രസംഗിക്കുന്ന സുധീരൻ എന്നെ ആദർശം പഠിപ്പിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

സ്വപ്നത്തിൽ പോലും ബിജെപിയിലേക്ക് പോകണമെന്ന് ആലോചിച്ചിട്ടില്ല. സത്യമായിട്ടും ഒരു നേതാവുമായും ചർച്ചകൾ നടത്തിയിട്ടുമില്ല - അബ്ദുള്ളക്കുട്ടി പറഞ്ഞു. 

ഒരു പരാമർശത്തിന്‍റെ പേരിൽ എന്നെ പുറത്താക്കണമെന്ന തരത്തിലുള്ള മുഖപ്രസംഗമെഴുതുകയാണ് വീക്ഷണം. വിധിപ്രസ്താവം നടത്തുകയാണ് വീക്ഷണം. ഇതെന്ത് ന്യായമാണ്? ഇതെന്ത് നീതി? പാർട്ടിയും ഇന്ദിരാഗാന്ധിയും തോറ്റ തെരഞ്ഞെടുപ്പിൽ അവരെ പെൺ ഹിറ്റ്‍ലറെന്ന് വിളിച്ച് മറുകൂടാരത്തിൽ പോയി അധികാരത്തിന്‍റെ അപ്പക്കഷ്ണങ്ങൾ നുണഞ്ഞവരാണിപ്പോൾ എന്നെ ഉപദേശിക്കുന്നത് - അബ്ദുള്ളക്കുട്ടി വിമർശിച്ചു.

''വി എം സുധീരനെക്കുറിച്ച് എല്ലാവർക്കും അറിയാം. ഉമ്മൻചാണ്ടിയുടെ നല്ല സർക്കാരിനെ തകർത്തവനാണ് ആ മനുഷ്യൻ. കേരളത്തിലെ എല്ലാ കോൺഗ്രസുകാരോടും ചോദിക്കൂ. ഉമ്മൻചാണ്ടിയുടെ സർക്കാരിനെ ഇല്ലാതാക്കിയ ആളാണ് വി എം സുധീരൻ. ആ സുധീരൻ പാർട്ടി സ്നേഹം എന്നെ പഠിപ്പിക്കണ്ട'', അബ്ദുള്ളക്കുട്ടി ആ‌ഞ്ഞടിച്ചു.

തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്തെത്തിയിരുന്നു. 'അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം.

Read Also: 'അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി: രൂക്ഷവിമർശനവുമായി വീക്ഷണം ദിനപത്രം

കോൺഗ്രസിൽ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വീക്ഷണത്തിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു. ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോൺഗ്രസിലെത്തിയത് അധികാരമോഹവുമായാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോൺഗ്രസിൽ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്‍റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്‍റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

മോദിയെ പുകഴ്ത്തിയ എ പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കേണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കോൺഗ്രസിൽ നിന്ന് ആനുകൂല്യം കിട്ടിയതിന്‍റെ മര്യാദ കാണിക്കുന്നില്ലെന്നും കോൺഗ്രസുകാരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി. അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടാനാണ് കെപിസിസി തീരുമാനം. അബ്ദുള്ളക്കുട്ടിക്ക് എതിരായ കണ്ണൂർ ഡിസിസിയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതിയെ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി