തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം. അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം.

കോൺഗ്രസിൽ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വീക്ഷണത്തിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു. ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോൺഗ്രസിലെത്തിയത് അധികാരമോഹവുമായാണ് എന്നും മുഖ്യപ്രസംഗം വിമര്‍ശിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോൺഗ്രസിൽ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

മോദിയെ പുകഴ്ത്തിയ എ പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കേണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കോൺഗ്രസിൽ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോൺഗ്രസുകാരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി. അബ്ദുള്ള കുട്ടിയോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനം. അബ്ദുള്ളക്കുട്ടിക്ക് എതിരായ കണ്ണൂർ ഡിസിസിയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതിയെ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.