
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പരാമർശത്തിൽ വിശദീകരണവുമായി എപി വിഭാഗം. ഇന്ത്യയുടെ ഭരണഘടനയ്ക്ക് കീഴിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്നാണ് കാന്തപുരം ഉദ്ദേശിച്ചതെന്ന് എപി വിഭാഗം നേതാക്കൾ വിശദീകരിച്ചു.
"ഒരു വ്യവസ്ഥാപിത ഭരണത്തിൽ, സുരക്ഷിതമായ ഭരണഘടനയ്ക്ക് കീഴിൽ പൂർണ ജനാധിപത്യത്തോടെ ജീവിക്കുന്നു എന്ന നിലയിൽ സുരക്ഷിതരാണല്ലോ. ഞങ്ങളെന്നും പറയുന്നതാണത്"- എന്നാണ് എപി വിഭാഗം നേതാവ് ഖലീൽ ബുഖാരി തങ്ങൾ പ്രതികരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തെ മോദി - കാന്തപുരം കൂടികാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്നും മറ്റ് പ്രതിസന്ധികളില്ലെന്നും കാന്തപുരം അബൂബക്കർ മുസ്ല്യാർ പറഞ്ഞത്. ഇംഗ്ലീഷ് മാധ്യമത്തോടാണ് കാന്തപുരത്തിന്റെ പ്രതികരണം. മുസ്ലിങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണ്, ഏതെങ്കിലും പ്രതിസന്ധികളോ പ്രശ്നങ്ങളോ മുസ്ലിങ്ങൾക്ക് ഇന്ത്യയിലില്ല. രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ചർച്ച ചെയ്തതെന്നും, മറ്റ് വിഷയങ്ങൾ കൂടികാഴ്ചയിൽ ഉന്നയിച്ചിട്ടില്ലെന്നുമാണ് കാന്തപുരം അഭിമുഖത്തിൽ പറയുന്നത്. മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന അതിക്രമങ്ങൾ പ്രതിപക്ഷം വലിയ ചർച്ചയാക്കുന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാന്തപുരത്തിന്റെ സംഭാവനകളെ പുകഴ്ത്തിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു.
വഖഫ് നിയമ ഭേദഗതിയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ചുമുള്ള ആശങ്കകൾ കൂടികാഴ്ചയിൽ ഉന്നയിച്ചതായി കാന്തപുരം പ്രസ്താവനയിൽ അറിയിച്ചു. ഇടതുപക്ഷത്തോട് ചേർന്നുതന്നെ തെരഞ്ഞെടുപ്പ് കാലത്തും മുന്നോട്ട് പോകുമോയെന്ന ചോദ്യത്തോട് ഇതുവരെ അത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നാണ് കാന്തപുരം ഇന്നലെ പ്രതികരിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന പരാമർശത്തോട് കരുതലോടെയാണ് കോൺഗ്രസിന്റെ പ്രതികരണം. കാന്തപുരത്തിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam