Latest Videos

സ്വപ്നയുടെ നിയമനത്തില്‍ അടിമുടി ക്രമക്കേടെന്ന് പൊലീസിൻ്റെ കണ്ടെത്തൽ; വെട്ടിലായി സർക്കാർ

By Web TeamFirst Published Dec 5, 2020, 10:46 AM IST
Highlights

സ്വപ്ന സുരേഷിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് അന്വേഷണത്തിനിടെയാണ് നിയമനത്തിലെ അടിമുടിക്രമക്കേടുകൾ കൂടി പൊലീസ് കണ്ടെത്തിയത്. 

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ സ്പെയ്സ് പാർക്കിലെ നിയമനത്തിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയും പ്രത്യേക തസ്തിക ഉണ്ടാക്കിയുമാണ് നിയമനമെന്ന് കണ്ടെത്തലിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. കെഎസ്ഐടിഎൽ എംഡിയാണ് സ്വപ്നയെ നിയമിക്കാൻ ശുപാർശ ചെയ്തതെന്ന് പിഡബ്ള്യുസി കോടതിയെ അറിയിച്ചതോടെ നിയമനത്തിൽ സർക്കാർ കൂടുതൽ വെട്ടിലായി.

സ്വപ്ന സുരേഷിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് അന്വേഷണത്തിനിടെയാണ് നിയമനത്തിലെ അടിമുടിക്രമക്കേടുകൾ കൂടി പൊലീസ് കണ്ടെത്തിയത്. കോണ്‍സുലേറ്റിൽ നിന്നും ജോലി നഷ്ടമായ സ്വപ്നക്ക് വേണ്ടി ഐടിവകുപ്പിന് കീഴിലുള്ള സ്പെയ്സ് പാർക്കിലെ ഓപ്പറേഷൻ മാനേജറെന്ന തസ്തിക സൃഷ്ടിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക് സർവ്വീസ് സെൻറർ അഥവാ നിക്സി വഴിയാണ് ഇത്തരം ഉന്നത തസ്തികയിലേക്ക് നിയമനം നൽകേണ്ടത്. ഐടി മേഖലയിലെ വിദഗ്ദർ കണ്ടെത്താൻ സംസ്ഥാന സർക്കാരിനെ സഹായിക്കുകയാണ് നിക്സി. പക്ഷെ സ്വപ്നയുടെ നിയമത്തിന് വേണ്ടി നിക്സിയെ ഒഴിവാക്കി. നിക്സിയുടെ മാനദണ്ഡപ്രകാരം ഓപ്പറേഷൻ മാനേജർ തസ്തികയിലേക്ക് എംബിഎ വേണം. പക്ഷെ ബിരുദത്തിൻ്റെ വ്യജ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്വപ്നയ്ക്ക് നിയമനം നൽകാൻ പ്രൈസ് വാ‍ട്ടർ കൂപ്പറിനെ ഉന്നതതല ഇടപെടലിലൂടെ ചുമതലപ്പെടുത്തി. ഇതിനായി സർക്കാർ ഉത്തരവില്ല. പ്രൈസ് വാട്ടർകൂപ്പർ നിയമനം വിഷൻ ടെക്ക് എന്ന സ്ഥാപനത്തെ ഏൽപ്പിച്ചു.

തട്ടിപ്പ് മനസിലാക്കിയതിനാലാകണം നിയമനം പിബ്ല്യുസി മറ്റൊരു ഏജൻസിയ്ക്ക് കൈമാറിയതെന്നാണ് അന്വേഷണ ഏജൻസികള്‍ സംശയിക്കുന്നത്. സ്വപ്നയുടെ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ വിഷൻടെക് ഏൽപ്പിച്ചത് ഗുഡ്ഗാവിലുള്ള നോ-വി എന്ന സ്ഥാപനത്തെയാണ്. മൂന്ന് കമ്പനികള്‍ പരിശോധിച്ചിട്ടും സ്വപ്നയുടേത് വ്യാജ ബിരുദമാണെന്ന് എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന ചോദ്യമാണ് ഉന്നത ഗൂഢാലോനയിലേക്ക് വിരൽ ചൂണ്ടുന്നത്. കെഎസ്ഐടിഎൽ എംഡി ജയശങ്ക‍ർ പ്രസാദാണ് സ്വപ്നയെ നിയമിക്കാൻ ശുപാർശ ചെയ്തതെന്ന പിഡബ്ള്യുസി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണത്തെ തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിലും പിബ്ല്യുസി ഈ നിലപട് ആവർത്തിച്ചാൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും. 

click me!