
കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ പുതിയ വൈദികർക്ക് വൈദിക പട്ടം നൽകില്ലെന്ന മുന്നറിയിപ്പുമായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയിൽ ഡിസംബർ മാസം വൈദിക പട്ടം സ്വീകരിക്കാൻ തയ്യാറെടുക്കുന്നവർക്കാണ് കത്ത് നൽകിയത്. സിനഡ് കുർബാന അർപ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാനയ്ക്കെതിരായ പ്രതിഷേധം തുടരുന്നതിനിടയിലാണ് പുതിയ കത്തുമായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രംഗത്തെത്തിയത്. നവ വൈദികർ സഭാ അധികാരികളെ അനുസരിക്കുമെന്നും സിനഡ് നിർദ്ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്നും എഴുതി നല്‍കണമെന്നാണ് ആവശ്യം. ബിഷപ്പുമാര്‍ക്കും ഡീക്കന്‍മാര്‍ക്കും മേജര്‍ സുപ്പീരീയേഴ്സിനും ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. അതിരൂപതയിൽ നിലനിൽക്കുന്ന അജപാലന സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.
മുൻ വർഷങ്ങളിൽ വൈദിക പട്ടം സ്വീകരിച്ച നവവൈദികർ ഏകീകൃത കുർബാന അർപ്പിച്ചിരുന്നില്ല. അതിരൂപതയിൽ ഈ വർഷം 9 പേരാണ് പുതിയതായി വൈദിക പട്ടം സ്വീകരിക്കണ്ടത്. അതേസമയം, നിലവിലെ മാര്‍ഗ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സഭ നേതൃത്വം മുന്നോട്ടു പോകുന്നതെങ്കില്‍ സാഹചര്യം മാറുന്നതുവരെ ഡീക്കന്‍ സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് നവവൈദികരിൽ സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നവ വൈദികർക്ക് നൽകിയ കത്ത് ഭീഷണിയുടേതാണെന്നും അതിരൂപത സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും നവ വൈദികർക്ക് പിന്തുണയുമായി രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam