
മലപ്പുറം:വേദിയിൽ ആരോഗ്യ മന്ത്രിയും മഞ്ചേരി നഗരസഭാ ചെയർപേഴ്‌സനും തമ്മിൽ തർക്കം. മഞ്ചേരി ജനറൽ ആശുപത്രിയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്പോര് നടന്നത്. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും മറ്റു നേതാക്കൾ കൂടി വിഷയം ഏറ്റുപിടിച്ചതോടെ തർക്കം നീണ്ടു. യുഎ ലത്തീഫ് എംഎൽഎയാണ് ജനറൽ ആശുപത്രി വിഷയം വേദിയിൽ ഉയർത്തിയത്.ഇതോടെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങിയ മന്ത്രി വീണ ജോർജ് വീണ്ടും മൈക്കിന് അരികിലെത്തി എംഎൽഎക്ക് മറുപടി നൽകി. 2016 ൽ തന്നെ മഞ്ചേരി ജനറൽ ആശുപത്രി നഗരസഭയ്ക്ക് കൈമാറിയതിന് ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തരവിന്‍റെ പകര്‍പ്പും മന്ത്രി ഉയര്‍ത്തി കാണിച്ചു.
എന്നാൽ, ഇതോടെ മന്ത്രിക്ക് അരികിൽ നഗരസഭ ചെയര്‍പേഴ്സണ്‍ വിഎം സുബൈദയെത്തി മറുപടി നൽകി. മന്ത്രി പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യമാണെന്ന് ചെയര്‍പേഴ്സണ്‍ വിളിച്ചുപറഞ്ഞു. ഇതിനിടയിൽ മറ്റു യുഡിഎപ്, എൽഡിഎഫ് നേതാക്കളും വേദിയിലെത്തി. മറ്റ് നേതാക്കളും ചേരിതിരിഞ്ഞു മറുപടി നൽകിയ ശേഷമാണ് തർക്കം അവസാനിച്ചത്.
അതേസമയം, മലപ്പുറം കുറ്റിപ്പുറത്ത് ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായി. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വെച്ചാണ് പ്രതിഷേധമുണ്ടായത്. വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു പ്ലക്കാർഡ് ഉയർത്തുകയായിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. ഡോ. ഹാരിസിന് പിന്തുണ അറിയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam