മലയാളത്തിൽ സത്യവാചകം ചൊല്ലി; ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ​ഗവർണറായി ചുമതലയേറ്റു

Published : Sep 06, 2019, 11:25 AM ISTUpdated : Sep 06, 2019, 12:30 PM IST
മലയാളത്തിൽ സത്യവാചകം ചൊല്ലി; ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ​ഗവർണറായി ചുമതലയേറ്റു

Synopsis

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ​ഗവർണറായി ചുമതലയേറ്റത്. 

തിരുവനന്തപുരം: കേരളത്തിന്റെ 22-ാമത് ​ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിൽ സത്യവാചകം ചൊല്ലിയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ​ഗവർണറായി ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായി.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിലെ ഓഫീസിലേക്ക് പോകും. ഇന്നലെ രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചത്. മുഖ്യമന്ത്രി രാജഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ആരാണ് ആരിഫ് മുഹമ്മദ് ഖാൻ?

ഉത്തർപ്രദേശിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്‍നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തിയാക്കിയത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1977-ൽ 26-ാം വയസ്സിൽ അദ്ദേഹം യുപി നിയമസഭയിലെത്തി. 1980-ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1980-ലും 84-ലും കാൻപൂരിൽ നിന്നും ബറൈച്ചിൽ നിന്നും അദ്ദേഹം ലോക്സഭയിലെത്തി. 

എന്നാൽ ഷാബാനു കേസിൽ കോൺഗ്രസ് മുസ്ലീം പുരോഹിതരുടെ സമ്മർദ്ദത്തിന് വഴങ്ങിയതിനെതിരായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായി തെറ്റി. പാർട്ടി വിട്ടു. പിന്നീട് ജനതാദളിൽ ചേർന്ന അദ്ദേഹം 1989-ൽ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തി. 89-ൽ ജനതാദൾ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്രമന്ത്രിയായി. 

1998-ൽ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്‍പിയിലെത്തി. ബറൈച്ചിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തി. 2004-ൽ അദ്ദേഹം ബിഎസ്‍പി വിട്ട് ബിജെപിയിൽ ചേർന്നു. മത്സരിച്ചെങ്കിലും തോറ്റു. തുടർന്ന് അദ്ദേഹം ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

Read More:കോൺഗ്രസ്, ജനതാദള്‍ വഴി ബിജെപിയില്‍; ആരിഫ് മുഹമ്മദ് ഖാന്‍റെ രാഷ്‍ട്രീയ ജീവിതം ഇങ്ങനെ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധിന്യായത്തിന്റെ വിശദാംശങ്ങളുമായി ഊമക്കത്ത് പ്രചരിച്ചെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ, അന്വേഷണം വേണമെന്നാവശ്യം
കോഴിക്കോട് പുതിയ മേയറാര്? സിപിഎമ്മിൽ തിരക്കിട്ട ചർച്ചകൾ, തിരിച്ചടിയിൽ മാധ്യമങ്ങൾക്ക് മുഖം തരാതെ നേതാക്കൾ