മുൻ കേന്ദ്ര മന്ത്രിയും നരേന്ദ്ര മോഡി സർക്കാരിന്റെ മുത്തലാഖ് വിരുദ്ധ നിയമം അടക്കമുള്ള നയങ്ങൾക്ക്  എന്നും പിന്തുണ നല്കിപ്പോന്നിട്ടുള്ള നേതാവുമായ മുഹമ്മദ് ആരിഫ് ഖാനെ പുതിയ കേരളാ ഗവർണർ ആയി നിയമിച്ചിരിക്കുകയാണ്. മുത്തലാഖ് നൽകി ജീവിതപങ്കാളികളെ ഉപേക്ഷിക്കുന്നവരെ ജയിലിലടക്കണം എന്നുവരെ വാദിച്ചിരുന്നു അദ്ദേഹം. ആരാണ് മുഹമ്മദ് ആരിഫ് ഖാൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തിലൂടെ.

ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹർ ജില്ലയിലെ ബാരാബസ്തിയിൽ 1951-ന് ജനനം. ജാമിയാ മിലിയാ, അലിഗഢ് മുസ്‌ലിം സർവകലാശാല, ലക്നൗ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഖാൻ അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1972-73 കാലഘട്ടത്തിൽ യൂണിയൻ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു ഖാൻ. ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിന്റെ ബാനറിൽ സിയാന മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെങ്കിലും പരാജയം രുചിക്കുന്നു. 77-ൽ തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ ഖാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നു. 

1980-ലാണ് ഖാന്റെ രാഷ്ട്രീയജീവിതത്തിലെ ആദ്യവഴിത്തിരിവുണ്ടാകുന്നത്. അക്കൊല്ലം അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുക്കുന്നു. 1980-ൽ കാൺപൂരിൽ നിന്നും, 1984-ൽ ബഹ്റൈച്ചിൽ നിന്നും പാർലമെന്റിലെത്തുന്നു. പാർലമെന്റിൽ ഏറെക്കാലം കോൺഗ്രസിന്റെ തീവ്രസ്വരങ്ങളിൽ ഒന്നായിരുന്ന ഖാൻ ഷാബാനു കേസിലെ കോൺഗ്രസ് നിലപാടിന്റെ പേരിലാണ് പാർട്ടിയുമായി ഉടക്കുന്നത്. 1986-ൽ ഷാബാനു കേസിൽ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വരുന്നു. വിവാഹമോചിതരാകുന്ന മുസ്‌ലിം യുവതികൾക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ആ വിധിക്കെതിനെതിരെ രാജ്യത്തെ മുസ്‌ലിം സംഘടനകൾ ഒന്നടങ്കം അണിനിരന്നു.  ലോക്സഭയിൽ തികഞ്ഞ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും, രാജ്യത്തെ ന്യൂനപക്ഷസംഘടനകളെ പ്രീണിപ്പിക്കാൻവേണ്ടി പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രസ്തുത കോടതിവിധിയെ അട്ടിമറിച്ചു കൊണ്ട് 'മുസ്‌ലിം പേഴ്സണൽ ലോ ബിൽ' കൊണ്ടു വരികയായിരുന്നു. അതിനെതിരെ കോൺഗ്രസിലെ മുസ്‌ലിം അംഗങ്ങളിൽ ഒരാൾ പോലും വിരുദ്ധാഭിപ്രായമൊന്നും തന്നെ പ്രകടിപ്പിച്ചില്ല. എന്നാൽ, ഇസ്‌ലാമിനുള്ളിലെ മൗലികവാദപ്രവണതകൾക്കെതിരെ ആജീവനാന്തം ശബ്ദമുയർത്തിയിട്ടുള്ള ഖാൻ, തന്റെ പുരോഗമനപരമായ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട്, പാർട്ടിയിൽ നിന്ന് രാജിവെച്ചു. 

കോൺഗ്രസ് വിട്ട ഖാൻ നേരെ പോയത് വിപി സിങ്ങിന്റെ ജനതാദളിലേക്കാണ്. 1989-ൽ ദളിന്റെ ചിഹ്നത്തിൽ മത്സരിച്ച് വീണ്ടും ലോക്സഭയിലെത്തുന്നു. ജനതാദൾ സർക്കാരിൽ അദ്ദേഹം കേന്ദ്രത്തിൽ വ്യോമയാന ഊർജ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. 1998-ൽ ജനതാദൾ വിട്ട് ബഹുജൻ സമാജ് വാദി പാർട്ടിയിൽ ചേർന്ന് ബഹ്റൈച്ചിൽ നിന്നും ഒരിക്കൽ കൂടി പാർലമെന്റിലെത്തുന്നുണ്ട്. 2004-ലാണ് ബിഎസ്പി വിട്ട് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. അതേ വർഷം കൈസർഗഞ്ചിൽ നിന്നും ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയം രുചിക്കേണ്ടി വന്നു ഖാന്. മുത്തലാഖ് അടക്കമുള്ള വിഷയങ്ങളിൽ ബിജെപി നയങ്ങളെ പിന്തുണച്ചുകൊണ്ട് എന്നും നിലകൊണ്ടിരുന്നു എങ്കിലും, പാർട്ടി തന്നെ നിരന്തരം  അവഗണിച്ചു എന്ന് പരാതിപ്പെട്ടുകൊണ്ട് 2007-ൽ അദ്ദേഹം ബിജെപിയിൽ നിന്നും രാജിവെച്ചിറങ്ങുകയായിരുന്നു.  

സ്വന്തം മതത്തിലെ മൗലികവാദപരമായ സമീപനങ്ങളെ മുഹമ്മദ് ആരിഫ് ഖാൻ എന്നും എതിർത്തുപോന്നിട്ടുണ്ടെങ്കിലും തീവ്രഹൈന്ദവസംഘടനകളിൽ നിന്നുമുള്ള വർഗീയ സമീപനങ്ങളോട് അദ്ദേഹം പുലർത്തിയിരുന്ന ഉദാസീനമൗനം ആ നിലപാടുകളെ ക്ഷീണിപ്പിക്കുന്ന ഒന്നാണ്. സംഘപരിവാർ നിലപാടുകളോട് താത്വികമായി അകന്നു നിൽക്കുന്ന ഒരു രാഷ്ട്രീയചിന്തയാണ് അദ്ദേഹത്തിന്റേത് എന്നിരിക്കിലും, ഇപ്പോൾ എൻഡിഎ സർക്കാർ വെച്ചുനീട്ടിയിരിക്കുന്ന ഈ സ്ഥാനം സ്വീകരിക്കുന്നതിലൂടെ ആ നിലപാടുകളുടെ അടിത്തറയും ഇളകിയിരിക്കുകയാണ്. കേരളത്തിൽ സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദമാണ് സംഘപരിവാർ സംഘടനകളുടെ ഒരു പ്രധാന പ്രചാരണായുധം. അതിന് മൂർച്ച പകരാൻ അത്തരം നിലപാടുകളെ എന്നും  വിമർശിച്ചുപോന്നിട്ടുള്ള ഖാന്റെ സാന്നിധ്യം ഊർജം പകരുമെന്ന് കരുതപ്പെടുന്നു. 

പ്രസിദ്ധ മത പ്രചാരകനായ സക്കീർ നയിക്കിനെതിരെയും പരസ്യമായ പ്രതികരണങ്ങളുടെ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നിരുന്നു. ബംഗ്ലാദേശിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം എൻഐഎ സക്കീർ നയിക്കിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോയപ്പോൾ, 'എത്രയോ നേരത്തെ ഇതൊക്കെ ചെയ്യേണ്ടതായിരുന്നു' എന്നായിരുന്നു ഖാന്റെ പ്രതികരണം. ആർട്ടിക്കിൾ 370  റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബിജെപിയുടെ നയത്തെ പിന്തുണച്ചുകൊണ്ട് ഖാൻ അടുത്തിടെ നടത്തിയ പരാമർശങ്ങളും മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. കശ്മീരിനുള്ള വിശിഷ്ടപദവി കൊണ്ട് അവിടത്തെ പണക്കാർക്കുമാത്രമേ ഗുണമുണ്ടാകുന്നുള്ളൂ എന്നാണ് ഖാൻ വാദിക്കുന്നത്.

വിദ്യാർത്ഥി ജീവിതകാലം മുതൽക്കുതന്നെ എഴുത്തിൽ തത്പരനായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ 'Text and Context: Quran and Contemporary Challenges' എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. പാർട്ടി രാഷ്ട്രീയത്തിൽ നിന്നും മാറിയ ശേഷം സൂഫിസവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ വ്യാപൃതനായി സമയം ചെലവിടുകയായിരുന്നു ഖാൻ. പത്നിയായ രേഷ്മയുമായി ചേർന്നുകൊണ്ട് അംഗപരിമിതർക്കുവേണ്ട സഹായങ്ങൾ ചെയ്യുന്ന സമർപ്പൺ എന്ന സന്നദ്ധസംഘടനയും നടത്തുന്ന ആരിഫ് മുഹമ്മദ് ഖാൻ നജ്മാ ഹെപ്തുള്ളയ്ക്ക്  ശേഷം ബിജെപി നിയമിക്കുന്ന രണ്ടാമത്തെ മാത്രം മുസ്ലിം ഗവർണറാണ്.