രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ്: കേരള വിസി എതിർപ്പറിയിച്ചിരുന്നു? ഗവർണ‍ർ കൂടുതൽ പ്രതികരണം നടത്തിയേക്കും

By Web TeamFirst Published Jan 1, 2022, 6:48 AM IST
Highlights

സർക്കാരിനും സിന്റിക്കേറ്റിനും താല്പര്യം  ഇല്ലെന്ന രീതിയിൽ ആണ് കേരള വി സി രേഖ മൂലം നേരത്തെ ഗവർണ്ണർക്ക് മറുപടി നൽകിയത് എന്നാണ് സൂചന. ഡി ലിറ്റ് നൽകുന്നതിലെ സർക്കാർ ഇടപെടൽ ആണ് ഗവർണറെ കൂടുതൽ പ്രകോപനത്തിന് കാരണം ആക്കിയത് എന്നായിരുന്നു ഇന്നലെ രമേശ് ചെന്നിത്തല ആരോപിച്ചത്.

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് സംസ്ഥാന സർക്കാർ ഇടപെട്ട് നിഷേധിച്ചു എന്ന വിവാദത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) കൂടുതൽ കാര്യങ്ങൾ പുറത്തു പറയാൻ സാധ്യത. സർക്കാരിനും സിന്റിക്കേറ്റിനും താല്പര്യം  ഇല്ലെന്ന രീതിയിൽ ആണ് കേരള വി സി രേഖ മൂലം നേരത്തെ ഗവർണ്ണർക്ക് മറുപടി നൽകിയത് എന്നാണ് സൂചന.

ഡി ലിറ്റ് നൽകുന്നതിലെ സർക്കാർ ഇടപെടൽ ആണ് ഗവർണറെ കൂടുതൽ പ്രകോപനത്തിന് കാരണം ആക്കിയത് എന്നായിരുന്നു ഇന്നലെ രമേശ് ചെന്നിത്തല (Ramesh Chennithala) ആരോപിച്ചത്. ഡി ലിറ്റ് നിഷേധിച്ചില്ല എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് എങ്കിലും വിവാദത്തിൽ മുഖ്യമന്ത്രി ഇനി എന്ത് പറയും എന്നതാണ് പ്രധാനം. വി സിയുടെ കത്ത് പുറത്തു വരികയും ഗവർണ്ണർ കൂടുതൽ പ്രതികരിക്കുകയും ചെയ്താൽ സർക്കാർ കൂടുതൽ വെട്ടിലാകും.

രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവർണ്ണർ സൂചിപ്പിച്ചതെന്നാണ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത്.കേരള സർവ്വകലാശാലയിൽ സർക്കാരിൻറെ ഇടപെടൽ ചട്ടവിരുദ്ധമായാണെന്നും ഗവർണ്ണറും സർക്കാരും വിസിയും വിശദീകരണം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാഷ്ട്രപതിക്കുള്ള ഡിലിറ്റ് നിരാകരണം കൂടി വന്നതോടെ ഗവർണ്ണർ-സർക്കാർ പോര് പുതിയ വഴിത്തിരിവിലേക്ക് നീങ്ങി.

ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതും ഗവർണ്ണറുടെ പ്രകോപനത്തിന് കാരണമാണെന്ന് അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. പക്ഷേ ഇക്കാര്യം രാജ്ഭവനോ കേരള സർവ്വകലാശാലയോ സ്ഥിരീകരിച്ചിരുന്നില്ല. ഗവർണ്ണറുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തോടെ ശക്തമായ അഭ്യൂഹങ്ങൾ ഏറ്റെടുത്താണ് ചെന്നിത്തല ഗുരുതര ചോദ്യങ്ങളുയർത്തുന്നത്.

രാഷ്ട്പതിക്ക് ഡിലിറ്റ് നൽകാൻ കേരള വിസിക്കുള്ള ചാൻസിലറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നാണ് ചെന്നിത്തല പറഞ്ഞുവെക്കുന്നത്. എന്നാൽ ഒന്നും പറയാനില്ലെന്നായിരുന്നു കേരള വിസി വി പി മഹാദേവൻപിള്ളയുടെ പ്രതികരണം. കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് 23നായിരുന്നു പരിപാടി. രാവിലെ പി എൻ പണിക്കർ പ്രതിമ അനാച്ഛാദനം മാത്രമായിരുന്നു ഔദ്യോഗിക ചടങ്ങ്. ഈ ദിവസം ഡി ലിറ്റ് നൽകാനായിരുന്നു ഗവ‍ർണ്ണറുടെ ശുപാർശ എന്നാണ് നേരത്തെ ഉയർന്ന സൂചനകൾ. 

സാധാരണനിലയിൽ ഓണററി ഡീലിറ്റ് നൽകേണ്ടവരുടെ പേര് സിന്റിക്കേറ്റ് യോഗത്തിൽ വിസിയാണ് വെക്കാറുള്ളത്. ചാൻസിലർ ശുപാർശ ചെയ്തെങ്കിൽ അതും പറയാം.  സിന്റിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവർണ്ണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നൽകാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ഗുരുതര ആരോപണം. സർക്കാർ ഇടപെട്ടിട്ടുണ്ടെങ്കിൽ എന്തിനാണ് എന്നുള്ളതും ഗൗരവമേറിയ ചോദ്യമാണ്. സർക്കാരും ഗവർണ്ണറും വിശദീകരണം നൽകേണ്ട സാഹചര്യമാണ്.  മുൻ കാലടി വിസി കാലാവധി ഒഴിയും മുമ്പ് മൂന്ന് പേർക്ക് ഓണററി ഡിലിറ്റ് നൽകാനുള്ള ശുപാർശ ഗവർണ്ണർക്ക് സമർപ്പിച്ചിരുന്നോ എന്നും എന്ത് കൊണ്ട് ഗവർണ്ണർ അത് തടഞ്ഞുവെന്നുമുള്ള ചോദ്യങ്ങളും മുൻ പ്രതിപക്ഷനേതാവ് ഉയർത്തി. 

click me!