
ദില്ലി : കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിധി കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിഗണനയിലുള്ള ബില്ലുകളെ കുറിച്ച് സർക്കാരിനോട് വിശദീരണം തേടിയിരുന്നു. എന്നാൽ ഇത് വരെ ആരും വിശദീകരിച്ചിട്ടില്ല. വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടന ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയ്ക്ക് സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതിൽ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ഗവർണർക്ക് തിരിച്ചടിയേറ്റിരുന്നു. സിസ തോമസിന്‍റേത് ഗവർണർ നടത്തിയ താൽക്കാലിക നിയമനനം മാത്രമാണെന്നും പുതിയ വിസിയെ നിയമിക്കാൻ ചട്ടപ്രകാരമുളള നടപടികളുമായി മുന്നോട്ട് പോകാമെന്നു കോടതി നിർദേശിച്ചു.
വിസി കാരണം സാങ്കേതിക സർവകലാശാല പ്രവർത്തനം അവതാളത്തിൽ , വിസിയെ നീക്കണം - സിൻഡിക്കേറ്റ് അംഗങ്ങൾ
സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രധാന നിരീക്ഷണം കോടതിയിൽ നിന്നുണ്ടായത്. സർവകലാശാലയ്ക്ക് സ്ഥിരം വിസിയെ നിയമിക്കാനുളള അവകാശം സർക്കാരിനാണ്. ഇക്കാര്യത്തിൽ പുതിയ പാനൽ നിശ്ചയിച്ച് നൽകാം. ചട്ടപ്രകാരമുളള നിയമന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാം. വിസിയായി സിസ തോമസിനെ ഗവർണർ നിയമിച്ചത് അപ്പോഴത്തെ സാഹചര്യം പരിഗണിച്ചാണ്. ചട്ടപ്രകാരമുളള നടപടികൾ പൂർത്തിയാക്കിയിട്ടല്ല നിയമനമെന്നതിനാൽ സിസ തോമസ് താൽക്കാലിക വിസി മാത്രമാണ്. അതുകൊണ്ടുതന്നെ സ്ഥിരം വിസിയെ നിയമിക്കുന്നതിന് ചട്ടപ്രകാരമുളള നടപടികളുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. താൽക്കാലിക വിസിയായതിനിലാണ് സിസ തോമസിന്‍റെ നിയമന കാര്യത്തിൽ കോ വാറന്‍റോ പുറപ്പെടുവിക്കാത്തതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam