
സംവിധായകന്‍ ആലപ്പി അഷ്റഫിന്‍റെ സുരേഷ് ഗോപിയെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ ചര്‍ച്ചയായത് കേരളത്തില്‍ നിന്നുള്ള ഏക ഇടത് ലോക്സഭാംഗമായ ആലപ്പുഴ എംപി എഎം ആരിഫ് ആണ്. സുരേഷ് ഗോപിയെ കുറിച്ചുള്ള കുറിപ്പിനെ തുടര്‍ന്ന് ആരിഫ് എംപി ചര്‍ച്ചയാകുന്നു അതിലെ കൗതുകം തന്നെയാണ് സോഷ്യല്‍ മീഡിയ ചികഞ്ഞതും.
സിനിമാ മേഖലയില്‍ ഏറെ സുഹൃത്തുക്കളുള്ള രാഷ്ട്രീയ നേതാവാണ് ആരിഫ്. അരൂരിലെ കൊടുപിരികൊണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഈ ആരിഫിന്‍റെ താരബന്ധം പ്രകടമായിരുന്നു. നിരവധി സിനിമാ പ്രവര്‍ത്തകര്‍ ആരിഫിന്‍റെ പ്രചാരണത്തിനെത്തി. ഇപ്പോഴിതാ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുമായുള്ള സൗഹൃദം പുറത്തുവന്നിരിക്കുകയാണ് ആലപ്പി അഷ്റഫിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.
ആരിഫിന് ആദ്യമായി നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതു പോലും സുരേഷ് ഗോപിയാണെന്ന് തനിക്കറിയാമെന്നായിരുന്നു ആലപ്പി അഷ്റഫ് കുറിച്ചത്. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്ന സുരേഷ് ഗോപിയുമായുള്ള സൗഹൃദവും, ഫോണ്‍ വാങ്ങി നല്‍കിയ കഥയും ഓര്‍ത്തെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് ഡോട്കോമിനോട് ആരിഫ് പറഞ്ഞതിങ്ങനെ...
വിദ്യാര്‍ത്ഥിയായി ഞാന്‍ കേരള സര്‍വ്വകലാശാല യുവജനോത്സവം ചേര്‍ത്തലയില്‍ സംഘടിപ്പിച്ച സമയത്ത് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായിരുന്നു. അതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാന്‍ എറണാകുളത്ത് ഒരു ഷൂട്ടിങ് സെറ്റില്‍ പോയപ്പോഴാണ് പരിചയപ്പെടുന്നത്. അങ്ങനെ സൗഹാര്‍ദ്ദമായി, അന്ന് എന്‍റെ കയ്യില്‍ ഉണ്ടായിരുന്നത് ഏരിയല്‍ ഒക്കെയുള്ള നോക്കിയ ഫോണായിരുന്നു. ഇത് കണ്ട് അദ്ദേഹം എന്നോട്, ദുബായില്‍ പോയിട്ട് വരുമ്പോ നല്ലൊരു മൊബൈല്‍ വാങ്ങിച്ചു തരാമെന്ന് പറഞ്ഞു. പിന്നീട് ദുബായില്‍ പോയിട്ട് വരുമ്പോള്‍ സാംസങ്ങിന്‍റെ ഒരു സില്‍വര്‍ മൊബൈല്‍ എനിക്ക് വാങ്ങിച്ചുതന്നു. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. ആലപ്പി അഷ്റഫ് അതിനെ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസം നടന്ന സംഭവം പോലെയാണ്. ഞങ്ങള്‍ തമ്മില്‍ വളരെ അടുപ്പമായിരുന്നു. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ആളാണ് ഞാന്‍. പക്ഷേ അദ്ദേഹത്തിലെ മനുഷ്യനോട് ഇഷ്ടമാണ്.- ആരിഫ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam