ഉദ്യോഗസ്ഥതലപ്പത്ത് ഇന്ന് കൂട്ടവിരമിക്കൽ; ടോം ജോസും ജേക്കബ് തോമസും വിരമിച്ചു

By Web TeamFirst Published May 31, 2020, 10:05 PM IST
Highlights

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് പറ‌ഞ്ഞാണ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പടിയിറങ്ങിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലപ്പത്ത് ഇന്ന് വിരമിക്കൽ ദിനമായിരുന്നു.  ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപിമാരായ ജേക്കബ് തോമസ്, എ.ഹേമചന്ദ്രൻ എന്നിവരുടെ അവസാന സർവീസ് ദിനമായിരുന്നു ഇന്ന്.  രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് പറ‌ഞ്ഞാണ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പടിയിറങ്ങിയത്.

സംസ്ഥാന ചരിത്രത്തിലെ  ഏറ്റവും വലിയ വെല്ലുവിളികളെ  കരുത്തോടെ നേരിട്ട ചീഫ് സെക്രട്ടറി.... മുഖ്യമന്ത്രി പിണറായി വിജയൻറെ ഈ അഭിനന്ദനവും ഏറ്റുവാങ്ങി  ടോം  ജോസ്   പദവിയിൽ നിന്ന് പടിയിറങ്ങി. കേരളത്തിലെ അഞ്ചു ലക്ഷത്തിലേറെ സർക്കാർ ഉദ്യോഗസ്ഥരുടെ തലവനായി ബിശ്വാസ് മേത്ത നാളെ പുതിയ ചീഫ് സെക്രട്ടറിയാകും.

എ ഹേമചന്ദ്രൻ വിരമിച്ച ഒഴിവിൽ അഗ്നിശമന സേനയുടെ തലപ്പത്തേക്ക് വന്നത് സംസ്ഥാനത്തെ ആദ്യ വനിത ഡിജിപി ആര്‍ ശ്രീലേഖ. സര്‍ക്കാരിനെ വിമർശിച്ചു അച്ചടക്ക നടപടി നേരിട്ട ജേക്കബ് തോമസിന്റെയും വിരമിക്കൽ ദിനം ഇന്നായിരുന്നു. വിചിത്ര നീക്കങ്ങളിലൂടെ എന്നും വാർത്തയിൽ നിറഞ്ഞ ജേക്കബ് തോമസിന്റെ  സർവീസിലെ  അവസാന ദിവസവും വ്യത്യസ്തമായില്ല.  

ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ഓഫിസിലെ നിലത്ത് പായ  വിരിച്ച് ഉറങ്ങിയ ജേക്കബ് തോമസ്  ആ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. സഹപ്രവർത്തകരുടെ യാത്രയപ്പ്  പോലും നിരസിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എ.വിജയന്‍,  കണ്‍സ്യൂമര്‍ഫെഡ് എംഡി വി.എം.മുഹമ്മദ് റഫീക് എന്നീ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ന് വിരമിച്ചു. പതിനൊന്ന് ഐ പി എസ ഓഫീസർമാർ ഉൾപ്പെടെ പതിനെട്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് പൊലീസ് സേനയുടെ പടിയിറങ്ങിയത്. 

click me!