അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല, എവിടെ വിടണമെന്ന് സർക്കാർ തീരുമാനിക്കട്ടെ: സമയം നൽകാമെന്ന് ഹൈക്കോടതി

Published : Apr 12, 2023, 03:03 PM ISTUpdated : Apr 12, 2023, 03:08 PM IST
അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല, എവിടെ വിടണമെന്ന് സർക്കാർ തീരുമാനിക്കട്ടെ:  സമയം നൽകാമെന്ന് ഹൈക്കോടതി

Synopsis

അരിക്കൊമ്പൻ വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബുവിന്റെ പുനപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

കൊച്ചി: ചിന്നക്കനാലിൽ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടിൽ കേരള ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു. പുൽമേടുകൾ കളഞ്ഞു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളിൽ അഗസ്ത്യാർ കൂടം പരിഗണനയിലില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. നമ്മൾ സ്വാർത്ഥ സമൂഹമായി മാറുകയാണെന്ന് കോടതി വിമർശിച്ചു.

അരിക്കൊമ്പൻ വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബുവിന്റെ പുനപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയൽ റൺ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. അതിരപ്പിള്ളിയിൽ തടസ്സം നിന്നത് തങ്ങളല്ലെന്ന് നെന്മാറ എംഎൽഎയുടെ അഭിഭാഷകൻ പറഞ്ഞു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോയെന്ന് കോടതി ചോദിച്ചു.

ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ ആനയെ പിടിക്കുകയല്ല വേണ്ടത്. ആന ജനവാസ മേഖലയിലേക്ക് വരുന്നത് തടയുകയാണ് ചെയ്യേണ്ടത്. പട്ടയം നൽകുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. വനമേഖലയോട് ചേർന്നുള്ള എംഎൽഎമാരും എംപിമാരും എന്തുകൊണ്ട് സർക്കാർ വീഴ്ച വരുത്തിയാൽ ചോദ്യം ചെയ്യുന്നില്ല? വ്യക്തിപരമായി വധഭീഷണി വരെ കാര്യങ്ങളെത്തുന്നുവെന്നും ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ പറഞ്ഞു.

എന്നാൽ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കോടതി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് നിരുത്തരവാദപരമായ പ്രതികരണമാണ്. ആനത്താര തുറന്നാൽ ആനകൾ ജനവാസ മേഖലയിലേക്ക് വരില്ല. റിപ്പോർട്ട് കോടതി പഠിച്ചതാണ്. ആവാസ വ്യവസ്ഥയിലെ മാറ്റം കാരണമാണ് ആനകൾ അരിയും ചക്കയും കഴിക്കാൻ നാട്ടിലെത്തുന്നത്. പറമ്പിക്കുളം കോടതി നിർദ്ദേശിച്ച സ്ഥലമല്ലെന്നും വിദഗ്ദ്ധ സമിതി നിർദ്ദേശിച്ചതാണെന്നും കോടതി പറഞ്ഞു.

പല മേഖലകളിലായാണ് പറമ്പിക്കുളത്ത് ജനവാസം എന്നത് കൊണ്ടാണ് പറമ്പിക്കുളം നിർദ്ദേശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. പെരിയാർ മേഖലയിൽ ജനവാസം കൂട്ടമായാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. മുതുമലൈയിലേക്ക് കൊണ്ടുപോകട്ടെയെന്ന് നെന്മാറ എംഎൽഎ നിർദ്ദേശിച്ചു. അപ്പോൾ പിന്നെ ഇത് മറ്റുള്ളവരുടെ തല വേദനയാകില്ലേയെന്ന് കോടതി ചോദിച്ചു. ഇതെല്ലാം സർക്കാരിനോട് പറയൂവെന്നും കോടതിയോട് പറഞ്ഞു. ജനങ്ങളുടെ ഭയം  മനസ്സിലാക്കുന്നുവെന്ന് നെന്മാറ എംഎൽഎയോട് കോടതി പറഞ്ഞു. ഉൾക്കാടുകളിൽ ഭക്ഷണവും വെള്ളവും ഉണ്ടാകും. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ തീരുമാനിക്കട്ടയെന്നും എന്നാൽ കൂട്ടിലടയ്കക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു.

സർക്കാർ ഒരാഴ്ചയക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിങ്ങൾ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ അല്ലേയെന്ന് കെ ബാബുവിനോട് കോടതി ചോദിച്ചു. എന്തുകൊണ്ട് സർക്കാരിനെ സമീപിക്കുന്നില്ല? സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തൂ.  ഹർജി തള്ളേണ്ടി വരുമെന്നും കോടതി പറഞ്ഞു. അരിക്കൊമ്പനെ കൊണ്ട് ഈ അടുത്തും ഉപദ്രവം ഉണ്ടായെന്ന് ശാന്തൻപാറ പഞ്ചായത്ത് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ശാന്തൻപാറ പഞ്ചായത്ത് കുറ്റപ്പെടുത്തി. കേസിൽ വാദം തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത