
ചെന്നൈ: അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് കളക്കാട് മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. ഒരു ദിവസം 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്. അരിക്കൊമ്പൻ മദപ്പാടിലാണെന്നും അപ്പർ കോതയാറിലേക്ക് തിരികെ പോകാൻ സാധ്യതയുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി. അരികൊമ്പനൊപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് അക്രമണം നടത്തിയത് അരിക്കൊമ്പനാണെന്നും സ്ഥിരീകരിച്ചു.
അതേ സമയം അരിക്കൊമ്പന് ഇപ്പോൾ അരി വേണ്ടാതായി എന്നും വനംവകുപ്പ് അധികൃതർ പറയുന്നു. തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അക്രമിച്ചില്ല. രണ്ട് ദിവസമായി മാഞ്ചോലയിലെ ജനവാസ മേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. തിരികെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. മാഞ്ചോലയിലെ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പൻ അക്രമം നടത്തിയില്ല. റേഡിയോ കോളറിൽ നിന്ന് ഓരോ അരമണിക്കൂറിലും സിഗ്നൽ ലഭിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. അതേ സമയം അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയതിനെ തുടർന്ന് പ്രദേശവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ബിബി തേയില ഫാക്ടറി പ്രവർത്തിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ട്. ഊത്തിലെ സ്കൂളിനും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് രാത്രി പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. നിലവിൽ 40 പേരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പനുള്ളത്. ഊത്ത് എസ്റ്റേറ്റിന് അടുത്ത് തന്നെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. കോതയാറിലെ ഭൂപ്രകൃതി മൂന്നാറിന് സമാനമാണ്. അതിനാൽ പുതിയ അന്തരീക്ഷവുമായി അരിക്കൊമ്പൻ പൊരുത്തപ്പെട്ടു എന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.