
ഇടുക്കി: തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ക്ഷീണിതനാണെന്ന് മൃഗസ്നേഹികൾ. കൊമ്പന്‍റെ ആരോഗ്യത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. തമിഴ്നാട് വനംവകുപ്പ് തന്നെ പുറത്തുവിട്ട ചിത്രങ്ങൾ കണ്ടാണ് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം നടക്കുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.
കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിൽ കൊമ്പൻ തീറ്റ തിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞു എന്നാണ് തമിഴ്നാട് വനംവകുപ്പ് വിശദീകരിച്ചിരുന്നത്. അതേസമയം ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ദിവസങ്ങളായി നടക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മുമ്പ് ദിവസവും പത്ത് കിലോ മീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പനിപ്പോൾ കുട്ടിയാർ ഡാമിനടുത്ത് മൂന്ന് കിലോമീറ്ററോളം മാത്രമാണ് നടക്കുന്നത്.
Also Read: 'അരിക്കൊമ്പൻ ആരോഗ്യവാൻ'; പുതിയ ചിത്രവുമായി തമിഴ്നാട് വനംവകുപ്പ്, ഇപ്പോഴുള്ളത് കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത്
ആനയ്ക്ക് ചികിത്സ ആവശ്യമെങ്കിൽ നൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴുള്ള കാടിന് പുറത്തിറങ്ങാതിരിക്കാൻ എല്ലാ ശ്രമങ്ങളും തമിഴ്നാട് വനംവകുപ്പ് നടത്തുന്നുണ്ട്. അതിനായി അരിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വനംവകുപ്പും സഞ്ചാര പഥം കൃത്യമായി വിലയിരുത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam