Latest Videos

അർജുൻ ആയങ്കി, വയസ് 25; നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി

By Web TeamFirst Published Jun 25, 2021, 8:21 AM IST
Highlights

കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുന്റെ പ്രായം 25 വയസാണ്. പഠിച്ചത് പ്ലസ്ടുവരെ.  നിരവധി ക്രിമിനൽ കേസുകളിൽ ഇതിനോടകം ഇയാൾ പ്രതിയാണ്

കണ്ണൂർ: കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് തിരയുന്ന അർജ്ജുൻ ആയങ്കി. അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജ്ജുനെ സംഘടന ഔദ്യോഗികമായി മാറ്റി നിർത്തിയെങ്കിലും പാർട്ടിയെ മറയാക്കിയാണ് ഇയാളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. 

കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുന്റെ പ്രായം 25 വയസാണ്. പഠിച്ചത് പ്ലസ്ടുവരെ.  നിരവധി ക്രിമിനൽ കേസുകളിൽ ഇതിനോടകം ഇയാൾ പ്രതിയാണ്. സ്വർണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വർണ്ണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിനൊപ്പം അർജുൻ ചേർന്നിട്ട് നാല് വർഷം പിന്നിട്ടു. ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് വിവരം. ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഉണ്ടായിരുന്ന അർജ്ജുൻ, സംഘടനയ്ക്ക് പുറത്താക്കുന്നത് കഴിഞ്ഞ വർഷമാണ്. പക്ഷെ ഇപ്പോഴും സിപിഎമ്മിന് വേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ ഇയാൾ സജീവമാണ്.

കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ  റമീസ് എന്നു പേരായ  ഗൾഫിലെ കൂട്ടാളിയുമായി അർജ്ജുൻ 35 ദിവസം മുൻപ് പദ്ധതിയിട്ടു. പക്ഷെ സ്വർണ്ണം കൊണ്ടുവരാൻ ചുമതലപ്പെടുത്തിയ ആൾ, നാട്ടിലേക്ക് വരാതെ ആ സ്വർണ്ണവുമായി മുങ്ങി. അയാളുടെ വാട്സാപ്പിലേക്ക് അർജ്ജുൻ അയച്ച ഭീഷണി സന്ദേശം കേൾക്കാം.

ചെറിയ സാധനമേ ഉള്ളൂ അതുകൊണ്ട് ഒറ്റയ്ക്ക് കൊണ്ടുപോയി എന്ന് അല്ലേ...

എന്റെ ഗ്യാരണ്ടിയിൽ കളിച്ച കളിയിൽ നി ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ.
രണ്ട് മണിക്കൂറാണ് എയർപോർട്ടിൽ ഞാൻ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്നെനിക്കറിയാം. നീ നാട്ടിലിറങ്ങില്ല. ഞങ്ങള് മാത്രമല്ല ഇതിൽ. പാനൂരും മാഹിയിലുമുള്ള പാർട്ടിക്കാരും ഇതിലുണ്ട്. എല്ലാവരും കൂടി ഒരു പണി തരുന്നുണ്ട്. സംരക്ഷിക്കാൻ ആരും കാണില്ല.

കഴിഞ്ഞ ലോക്ഡൗൺ സമയത്ത് കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ ക്യാരിയറെ സ്വാധീനിച്ച് ആ സ്വർണം അ‍ർജ്ജുൻ തട്ടി. പക്ഷെ സ്വർണ്ണക്കടത്ത് സംഘം ക്യാരിയറെ തേടി അയാളുടെ വീട്ടിലെത്തി. ഭയന്ന് വിറച്ച് അയാൾ അർജ്ജുനെ ഫോൺ ചെയ്തു.

ക്യാരിയർ: നമുക്കിത് റിട്ടേൺ ചെയ്ത്കൂടെ. ഇനിയും ആള് വരും. അപ്പോൾ പിടിക്കാം.

അർജ്ജുൻ ആയങ്കി:  അത് ഇനി റിട്ടേൺ ചെയ്യാൻ കഴിയില്ല

ക്യാരിയർ: ഞാനീ ചെയ്യുന്നതെല്ലാം വീട്ടുകാരറിഞ്ഞാൽ എന്താകും?

അർജ്ജുൻ ആയങ്കി: നീ അവിടെ നിന്നും മാറിക്കോളൂ. വീട്ടിൽ നിൽക്കേണ്ട.

ഈ കഥകൾ മഞ്ഞുമലയുടെ അറ്റം മാത്രം. ഇതുപോലെ നിരവധി സംഭവങ്ങൾ പൊലീസിന്റെയും കസ്റ്റംസിന്റെയും മൂക്കിൻ തുമ്പത്ത് നടക്കുന്നുണ്ട്. പരാതിക്കാരില്ലെന്നതാണ് ഇവരെ തൊടാൻ മടിക്കുന്നതിന് ഔദ്യോഗിക സംവിധാനങ്ങൾ പറയുന്ന ന്യായം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!