ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിൽ; പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ പയ്യന്നൂരിലേക്ക് കടന്നു

Published : Aug 09, 2026, 07:26 AM IST
arjun ayanki arrest

Synopsis

ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കിയെ കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പിലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട ആയങ്കിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് നിലവിലെ അറസ്റ്റ്.

കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസ് എത്തിയ ശേഷം ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.

അതേസമയം, ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് ആയങ്കിയെ അറസ്റ്റ് ചെയ്യുക. പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു.

അതേസമയം, അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം നടക്കുന്നുണ്ട്. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.

രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.

കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം. ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് ഫീസ് നിരക്ക്; ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു