
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. അതേസമയം, തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
29 ദിവസം മുന്‍പ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് പോയ അര്‍ജുന്‍ ഇതുവരേയും മടങ്ങിയെത്തിയിട്ടില്ല. കരഞ്ഞും പ്രാര്‍ത്ഥിച്ചും വഴിക്കണ്ണുമായി ഇരിക്കുന്ന വീട്ടുകാര്‍ക്ക് കേരളത്തിന്‍റെ പിന്തുണയാണ് ഏക ആശ്വാസം. ഗംഗാവലി പുഴയിലെ തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഇനിയെന്ന് പുനരാരംഭിക്കുമെന്ന ആര്‍ക്കും അറിയില്ല.
കര്‍ണാടക അധികൃതരും ഇക്കാര്യത്തില്‍ യാതൊന്നും പറയുന്നില്ല. തെരച്ചില്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സിദ്ധരാമയ്യയ്ക്ക് കത്ത് അയച്ചെങ്കിലും അനുകൂല നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്, കാലാവസ്ഥ പ്രതികൂലമാണ് എന്നിങ്ങനെയുള്ള വാദങ്ങള്‍ നിരത്തിയാണ് തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ നിന്ന് കര്‍ണാടക വിട്ടുനില്‍ക്കുന്നത്.
അതേസമയം, സഹായം അഭ്യര്‍ത്ഥിച്ച് ഉത്തര കന്നഡ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍. അര്‍ജുന്‍റെ വീട്ടുകാരുടെ താത്പര്യ പ്രകാരം പ്രാദേശിക മുങ്ങള്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ കഴിഞ്ഞ ദിവസം ഷിരൂരില്‍ എത്തിയെങ്കിലും പൊലീസ് മടക്കി അയച്ചു. തെരച്ചലില്‍ അനിശ്ചിതത്വം തുടരുമ്പോഴും പ്രതീക്ഷയുടെ വെളിച്ചവുമായി ജീവിക്കുകയാണ് അര്‍ജുന്‍റെ ഉറ്റവര്‍.
അർജുനെ കണ്ടെത്താൻ ശ്രമിക്കണം, കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ; സിദ്ധരാമയ്യക്ക് കത്തയച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam