
പാലക്കാട്: ആരോഗ്യ കിരണം പദ്ധതി വഴിയുള്ള സൗജന്യ ചികിത്സ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ആശുപത്രി പരിപാലന സമിതി ചെയര്‍മാന്‍ കൂടിയായ നഗരസഭാധ്യക്ഷന് നല്‍കിയ കത്ത് വിവാദത്തില്‍. കത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ സൗജന്യ ചികിത്സ നിര്‍ത്തുകയാണെന്ന നഗരസഭാധ്യക്ഷന്റെ പ്രഖ്യാപനത്തില്‍ തിരുത്തലുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് തന്നെ രംഗത്തെത്തി.
ആരോഗ്യ കിരണം പദ്ധതി പ്രകാരം നിരവധി പേരുടെ ആശ്രയമാണ് പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി. എന്നാല്‍ 25 ലക്ഷത്തോളം കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി സൂപ്രണ്ട് കത്തെഴുതിയത്. ഇത് പദ്ധതി നടത്തിപ്പിനെ സാരമായി ബാധിക്കുമെന്നും സൗജന്യമരുന്ന് ഉള്‍പ്പെടെ നിര്‍ത്തി വെക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ കത്ത് കിട്ടിയതും സൗജന്യ ചികിത്സ നിർത്തുന്നതായി യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണ സമിതി പ്രഖ്യാപ്പിച്ചു.
പിന്നാലെ അടുത്ത ദിവസം ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രി നഗരസഭാധ്യക്ഷന്റെ സാന്നിധ്യത്തില്‍ തന്നെ ഇത് തിരുത്തി. മന്ത്രി തിരുത്തിയെങ്കിലും സൂപ്രണ്ടിന്റെ കത്തില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ രാഷ്ട്രീയ വിവാദം തുടരുകയാണ്. നഗരസഭാധ്യക്ഷന്റെ നിലപാടിനെതിരെ എല്‍ഡിഎഫും രംഗത്തെത്തി. അതേസമയം ലക്ഷങ്ങളുടെ കുടിശിക കിട്ടിയില്ലെങ്കിൽ സൗജന്യ സേവനങ്ങൾ നിർത്തേണ്ടി വരുമെന്ന ആശങ്കയാണ് നഗരസഭ അധ്യക്ഷനുമായി പങ്കുവെച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam