
ദില്ലി: ദില്ലിയിലെ മലയാളി മാധ്യമ പ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്. ഗുജറാത്തിലെ കോടതിയുടേതാണ് അറസ്റ്റ് വാറണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകൻ രവി നായർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിലാണ് ഗുജറാത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതിയിൽ നിന്ന് ഇന്ന് ഇതുവരെ സമൻസ് ലഭിച്ചിട്ടില്ലെന്ന് രവി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ദില്ലി പൊലീസ് രാത്രിയിലാണ് വാറണ്ടുമായി രവി നായറുടെ വീട്ടിലെത്തിയത്. ഗുജറാത്തിലെ ഗാന്ധി നഗറിലെ കോടതിയിൽ ഹാജരാകാൻ രവി നായർക്ക് നിർദ്ദേശം നൽകി.
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് വാർത്തകൾ നൽകിയിരുന്നതെന്ന് രവി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ വാർത്തകളുടെ പേരിൽ അദാനി ഗ്രൂപ്പിൽ നിന്ന് പലകുറി കേസ് നൽകുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും രവി നായർ പറഞ്ഞു. ദി ഹിന്ദു ദിനപ്പത്രത്തിന്റെ ദ്വൈവാരികയായ ഫ്രണ്ട് ലൈൻ, ദി വയർ, ന്യൂസ് ക്ലിക്ക് അടക്കം നിരവധി പ്രസിദ്ധീകരണങ്ങൾക്കായി വാർത്തകൾ എഴുതുന്ന വ്യക്തിയാണ് രവി നായർ.
ഇന്ന് വൈകീട്ടാണ് ദില്ലി പൊലീസ് രവി നായറുടെ വീട്ടിലെത്തിയത്. ഒരു കോർപറേറ്റ് ഗ്രൂപ്പിനെതിരെയും വാർത്തകൾ നൽകാറില്ലെന്ന് രവി നായർ പറഞ്ഞു. സർക്കാരിന്റെ നിലപാടുകൾക്കും, സർക്കാരിനും എതിരായാണ് വാർത്തകൾ നൽകിയത്. കോർപറേറ്റ് ഗ്രൂപ്പിനെതിരെ വാർത്ത നൽകിയിട്ടില്ല. ഏത് വാർത്തയാണ് എന്താണ് എന്നൊന്നും ഇതുവരെ അറിയില്ല. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. അതുവരെ ഒന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതിസമ്പന്നരിൽ നാലാമൻ; സെക്കന്റിൽ 1.4 കോടി വരുമാനം: ഇതാണ് അദാനി
ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിൽ ഒന്നാമൻ, ലോകത്തെ അതിസമ്പന്നരിൽ നാലാമൻ, ഗൗതം അദാനിയുടെ ജൈത്രയാത്ര തുടരുകയാണ്. സമീപകാലത്ത് ബിസിനസ്സിൽ വൻ വളർച്ചയാണ് ഗൗതം അദാനി നേടിയത്. ഇന്ന് 115 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഒരു സെക്കൻഡിൽ 1.4 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം എന്നാണ് വിവരം. ഒരു മണിക്കൂർ 83.4 കോടി രൂപ ഇദ്ദേഹം വരുമാനമായി നേടുന്നുണ്ട്.
ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി. ചെയർമാൻ സ്ഥാനത്തെ പ്രതിഫലമായി ഒരു വർഷം 1.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഒരുമാസം അദാനിയുടെ വരുമാനം 15,000 കോടി രൂപയാണ്. ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി അതിസമ്പന്നരുടെ പട്ടികയിൽ നാലാമതെത്തിയിരിക്കുന്നത്.
ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് അദാനി ബിൽ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി. 90 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. 2026-ഓടെ ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് വാർഷിക ധനസഹായം 50% വർദ്ധിപ്പിക്കാനുള്ള ഫൗണ്ടേഷന്റെ ശ്രമത്തിന്റെ ഭാഗമായി ഈ മാസം 20 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായി ബിൽ ഗേറ്റ്സ് തയ്യാറായി. ഇതോടെ സമ്പന്നരുടെ പട്ടികയിൽ നിന്നും ബിൽ ഗേറ്റ്സ് താഴേക്ക് പോയി.