മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷൻ തീയ്യതി പ്രഖ്യാപിച്ചു

Published : Jul 25, 2022, 10:06 PM IST
മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്;  തെരഞ്ഞെടുപ്പ് കമ്മീഷൻ തീയ്യതി പ്രഖ്യാപിച്ചു

Synopsis

 17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളുമടക്കം 36,247 വോട്ടർമാരാണ് മട്ടന്നൂർ നഗരസഭയിലുള്ളത്.

കണ്ണൂര്‍:  മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആഗസ്റ്റ് 20ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 6 മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. ആകെ 35 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. കൗൺസിൽ ചെയർപേഴ്സൺ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. 

നാളെ മുതൽ ഓഗസ്റ്റ് രണ്ട് വരെ നാമനിർദ്ദേശം സമർപ്പിക്കാം. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ നഗരസഭയില്‍ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. ജില്ലാ കളക്ടറാണ് തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെണ്ണൽ ഓഗസ്റ്റ് 22 ന് നടക്കും,  17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളുമടക്കം 36,247 വോട്ടർമാരാണ് മട്ടന്നൂർ നഗരസഭയിലുള്ളത്.

2020ൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മട്ടന്നൂർ നഗരസഭയുടെ കാലാവധി കഴിഞ്ഞിരുന്നില്ല.  നിലവിലെ നഗരസഭ കൗൺസിലിന്റെ കാലാവധി സെപ്റ്റംബർ 10 നാണ് അവസാനിക്കുക. 1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്. എന്നാൽ അതേ വർഷം ഭരണം മാറി വന്ന യു.ഡി.എഫ്. സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എൽ.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചു. 1992ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചു നൽകുകയായിരുന്നു. ജീവനക്കാരുടെ അഭാവവും മറ്റും മൂലം വർഷങ്ങളോളം നഗരസഭയായി പ്രവർത്തിച്ചിരുന്നില്ല. 

Read More : 'ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ ഹൃദയവേദനയുണ്ട്, കാരണം സോണിയഗാന്ധിയെ അറിയിക്കും' : മുല്ലപ്പള്ളി

സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. തുടക്കം തൊട്ട് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് അന്നു മുതൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മട്ടന്നൂര്‍ നഗരസഭയില്‍ 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റുമായി എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ ഏഴ് സീറ്റ് യു.ഡി.എഫ് നേടി. സി പി എമ്മിന് 25, സി പി ഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒന്നു വീതവും സീറ്റുകളാണ് കിട്ടിയത്. കോൺഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. രൂപീകരിച്ച ശേഷം കഴിഞ്ഞ അഞ്ചു തവണയും എൽഡിഎഫ് വൻ വിജയം നേടിയ നഗരസഭയാണ് മട്ടന്നൂർ. 2017 ലെ തെരഞ്ഞെടുപ്പിൽ ഒൻപതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത