
പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) യാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണു നടപടി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്ര സ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്.
കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭാഗമായിരുന്ന, നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്‌റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam