സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോ മരുന്ന് അശാസ്ത്രീയം: കുട്ടികളിൽ പരീക്ഷിക്കരുതെന്നും സർക്കാർ പിന്മാറണമെന്നും ഐഎംഎ

By Web TeamFirst Published Oct 24, 2021, 7:36 PM IST
Highlights

ഈ വിഷയത്തിൽ ഹോമിയോ - മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പോരിലെ ഏറ്റവും അവസാനത്തെ സംഭവമാണിത്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐഎംഎ. ഈ മരുന്ന് ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ആരോപിക്കുന്നു. കുട്ടികൾക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാൻ സാധ്യതയില്ല. അവർക്ക് വാക്സീൻ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആൽബം പോലുള്ള മരുന്ന് കുട്ടികളിൽ പരീക്ഷിക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ഹോമിയോ - മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പോരിലെ ഏറ്റവും അവസാനത്തെ സംഭവമാണിത്. സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മോഡേൺ മെഡിസിൻ ഡോക്ടർമാർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ശിശുരോഗ വിദഗ്ധരുടെ സംഘടനയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെ രംഗത്തെത്തി. യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്നാണിതെന്ന വാദമുയർത്തി, മരുന്ന് കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് ആക്ഷേപം.

ഹോമിയോക്കെതിരായ കുപ്രചരണമാണിതെന്നും മരുന്ന് സുരക്ഷിതമാണെന്നുമെന്ന നിലപാടിലാണ് ഹോമിയോ ഡോക്ടർമാർ. മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവർ പറയുന്നു. ഏതെങ്കിലും സ്വകാര്യ ലാബിൽ നടത്തിയ പരിശോധന റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്നും മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ വാദം ഖണ്ഡിക്കാൻ ഇവർ ഉന്നയിക്കുന്നു. ആർസനിക് ആൽബം സുരക്ഷിതമാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണിത്. കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ലെന്നും ഇവർ പറയുന്നു.

കൊവിഡ് ലക്ഷണങ്ങളായ പനിയ്ക്കും ചുമയ്ക്കുമെല്ലാം നൽകുന്ന മരുന്നാണ് ഇതെന്നും രോഗ തീവ്ര അനുസരിച്ച് മരുന്ന് മാറ്റി നൽകുകയാണ് ചെയ്യുന്നതെന്നും ഹോമിയോ ഡോക്ടർമാർ വിശദീകരിക്കുന്നു. സിസിആർഎച്ച് 625000 പേരിൽ പഠനം നടത്തിയിട്ടുണ്ടെന്നും മരുന്ന് 99.3 ശതമാനം ഫലപ്രദമാമെന്ന് കണ്ടെത്തിയെന്നുമാണ് ഹോമിയോ വിഭാഗത്തിന്റെ മറ്റൊരു വാദം. പേടി പോലും മാറ്റുന്ന മരുന്നാണിതെന്നും ഇവർ പറയുന്നു. 

നേരത്തെയും ഈ മരുന്ന് ഉപയോഗിക്കാനുള്ള നിർദ്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെ കോടതിയെ സമീപിച്ചാണ് ഹോമിയോ ഡോക്ടർമാർ ലക്ഷണമില്ലാത്ത രോഗികളെ ചികിത്സിക്കാനുള്ള അനുമതി നേടിയെടുത്തത്. അപ്പോഴും രോഗം ഗുരുതരമാകുകയാണെങ്കിൽ രോഗികൾക്ക് മോഡേൺ മെഡിസിൻ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോടതിയുടെ നിലപാട്. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പ്രതിരോധ മരുന്ന് നൽകൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

മറ്റ് രോഗങ്ങളുള്ള കുട്ടികൾക്ക് മാത്രമേ വാക്സീൻ പോലും നൽകേണ്ടതുള്ളൂവെന്നാണ് മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ നിലപാട്. കൊവിഡ് കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നില്ലെന്ന വിവിധ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. അപ്പോഴാണ് ഒരു ഹോമിയോ മരുന്ന് കുട്ടികൾക്ക് പ്രതിരോധ ശേഷി നൽകുമെന്ന പ്രചരണം സർക്കാർ തന്നെ നടത്തുന്നതെന്നതാണ് ഡോക്ടർമാരെ ചൊടിപ്പിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.
 

click me!