സ്വർണക്കൊള്ള കേസിലെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സ്വർണക്കൊള്ള കേസിലെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രണ്ടുപേരിൽ നിന്നും സ്വർണം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ക്രിയേഷൻസില്‍ നിന്നും വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങി എന്നാണ് വിവരം. ഗോവർധന്‍റെ കൈയ്യില്‍ നിന്നും 470 ഗ്രാം സ്വർണവും കണ്ടെത്തി. ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം കണ്ടെത്താൻ കസ്റ്റഡയിൽ ചോദ്യം ചെയ്യേമ്ടതുണ്ട്. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ ഉടൻ ചോദ്യം ചെയ്യും.
അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി ഇന്ന് അപേക്ഷ നൽകും. ലോഹപാളികളിൽ ഉള്ളത് ശബരിമല സ്വർണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നൽകിയാൽ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവർധൻ മൊഴി നൽകി. പണം നൽകിയതിന്‍റെ തെളിവുകളും ഗോവർധൻ എസ്ഐടിക്ക് നൽകി. സ്വർണം സ്മാർട്ക്രിയേഷനിൽ നിന്നും ഗോവർധന്‍റെ കൈവശമെത്തിച്ച കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യും. കൊള്ളയടിച്ച സർണം ആർക്ക് കൈമാറി എന്നതിൽ വ്യക്തതയുണ്ടാക്കാൻ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ ഇരുവരും ജാമ്യ ഹജിയുമായി ഹൈക്കോടതിയെ സമിപിക്കും.



