
കൊച്ചി : കൊച്ചിയിൽ ഫ്ലാറ്റില്‍ യുവാവിനെ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കാണാതായ അർഷാദിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയത് ഇന്നലെ വൈകിട്ടെന്ന് പൊലീസ്. കൊലപാതകം പുറത്തറിഞ്ഞതോടെയാണ് അർഷാദിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോൺ ഓഫായതെന്നും പൊലീസ് പറയുന്നു. അർഷാദിനായി ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിൽ ആണെന്നും എഫ് ഐ ആറിൽ പറയുന്നു
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ സംശയം. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.
ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഇൻഫോപാർക്കിന് സമീപത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam