3 ലക്ഷത്തിലധികം ചിലവുള്ള ശസ്ത്രക്രിയ സൗജന്യമായി, വയനാട് മെഡി. കോളേജില്‍ ചരിത്രനേട്ടം; ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം

Published : Nov 14, 2025, 01:45 PM IST
wayanad medical college

Synopsis

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.  സ്വകാര്യ മേഖലയില്‍ 3 ലക്ഷത്തിലധികം ചെലവ് വരുന്ന ശസ്ത്രക്രിയ കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന സൗജന്യം. 

കൽപ്പറ്റ : വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ് പ്രൊസീജിയല്‍ നടത്തിയത്. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശി 63കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ മേഖലയില്‍ ഏകദേശം 3 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന സൗജന്യമായി ലഭ്യമാക്കാനായി. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 

മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ സേവനങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണിത്. കീഹോള്‍ ആര്‍ത്രോസ്‌കോപ്പിക് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തോളില്‍ ശസ്ത്രക്രിയ നടത്തിയത്. വേദന കൂടുതലുള്ള പരമ്പരാഗത തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് ഇത്തരം സാങ്കേതികവിദ്യ രോഗിയെ എളുപ്പത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. ഓര്‍ത്തോപീഡിക്‌സ് യൂണിറ്റ് മേധാവി ഡോ. രാജു കറുപ്പലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. 

ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. സുരേഷ്, ഡോ. ഇര്‍ഫാന്‍, അനസ്തസ്റ്റിറ്റുമാരായ ഡോ. ബഷീര്‍, ഡോ. ഉസ്മാന്‍, നഴ്‌സിംഗ് ടീം അംഗങ്ങള്‍ എന്നിവരുടെ നിസ്വാര്‍ത്ഥ ശ്രമങ്ങളും ശസ്ത്രക്രിയ വിജയകരമാക്കി. മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്ന രോഗി സുഖം പ്രാപിച്ചുവരുന്നു. ഈ നേട്ടത്തോടെ, വയനാട് മെഡിക്കല്‍ കോളേജും അത്യാധുനിക ആര്‍ത്രോസ്‌കോപ്പിക് സേവനങ്ങളുള്ള സംസ്ഥാനത്തെ നൂതന കേന്ദ്രങ്ങളുടെ പട്ടികയിലെത്തി.  

 

PREV
Read more Articles on
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി