
ഏതു നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പോലും ചിന്തിക്കാതെയാണ് കേരളത്തിലെ സ്ത്രീകളുടെ പൊതുജീവിതത്തെക്കുറിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പരാമർശം നടത്തിയിരിക്കുന്നത്. സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണം എന്ന കാന്തപുരത്തിന്‍റെ വാക്കുകൾ ഏറെ ഞെട്ടലോടെയാണ് കേട്ടത്. സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്നും പൊതുവേദികളിലേക്ക് കടന്നുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറയുന്നത് ഇന്ത്യയും കേരളവും ഇക്കാലമത്രയും നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടാണ്. സ്ത്രീകളുടെ സുരക്ഷയുടെയും അന്തസ്സിന്‍റെയും പേരിലാണ് സഞ്ചാരസ്വാതന്ത്ര്യവും സാമൂഹിക ഇടപെടലുകളും പൊതുപങ്കാളിത്തവും പരിമിതപ്പെടുത്തുന്നതെന്ന് പറയുമ്പോൾ ഉയരുന്ന ചോദ്യം ഇത് സംരക്ഷണമാണോ അതോ നിയന്ത്രണമാണോ എന്നതാണ്.
സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തി സുരക്ഷിതമായ സമൂഹം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാനാവില്ല. സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനും പഠിക്കാനും ജോലി ചെയ്യാനും അഭിപ്രായം പറയാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. ഒരുകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പോലും വലിയ സാമൂഹിക വെല്ലുവിളിയായിരുന്നുവെങ്കിൽ, ഇന്ന് കേരളത്തിലെ സ്ത്രീകളുടെ ജീവിതം വീടിന്‍റെ ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. അധ്യാപകരായും ഡോക്ടർമാരായും എൻജിനീയർമാരായും ശാസ്ത്രജ്ഞരായും മാധ്യമപ്രവർത്തകരായും സംരംഭകരായും ജനപ്രതിനിധികളായും അവർ പ്രവർത്തിക്കുന്നു. പ്രാദേശിക തലത്തിൽ മുതൽ നിയമസഭയിലും പാർലമെന്‍റിലും വരെ സ്ത്രീകളുടെ സാന്നിധ്യമുണ്ട്. ഒരു സ്ത്രീ രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയിരിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. സ്ത്രീയെ വീടിനുള്ളിൽ തളച്ചിട്ട് കുടുംബത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താനാവില്ല. സ്ത്രീകൾക്ക് സ്വന്തം കഴിവുകൾ വികസിപ്പിക്കാനും സ്വയം തീരുമാനങ്ങൾ എടുക്കാനും അവസരം ലഭിക്കുമ്പോഴാണ് കുടുംബവും സമൂഹവും ശക്തമാകുന്നത്.
കാന്തപുരത്തിന്‍റെ പ്രസ്താവനയെ വിമർശിച്ച് മുസ്‌ലിം സ്ത്രീകൾ തന്നെ രംഗത്തു വന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഓണാഘോഷങ്ങളുടെ ദൃശ്യങ്ങളും സ്ത്രീകളുടെ പങ്കാളിത്തവും ഈ സമൂഹത്തിനുള്ളിലെ മാറ്റങ്ങളുടെ വേറൊരു സൂചനയാണ്. പെണ്‍കുട്ടികൾക്ക് പഠിക്കാനും ജോലി ചെയ്യാനും പൊതുപരിപാടികളിൽ പങ്കെടുക്കാനും രാഷ്ട്രീയ അഭിപ്രായം പറയാനും അവകാശമുണ്ടാകണം എന്ന ആവശ്യം ഏതെങ്കിലും ഒരു മതത്തിനെതിരായ നിലപാടല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നതാണ്. ഭരണഘടന ഓരോ പൗരനും തുല്യതയും വ്യക്തിസ്വാതന്ത്ര്യവും മതവിശ്വാസം പിന്തുടരാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്. എന്നാൽ മതസ്വാതന്ത്ര്യം മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കാനുള്ള അധികാരമായി മാറരുത്.
കാന്തപുരത്തിന്റെ പ്രസ്താവന പോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് അതിനോടുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രതികരണം. സ്ത്രീ സമത്വത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന കോൺഗ്രസ് നേതൃത്വം, സ്ത്രീകൾ പൊതുജീവിതത്തിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയ്ക്കെതിരെ വ്യക്തമായ നിലപാട് പറയാത്തത് എന്തുകൊണ്ടാണ്? മതപണ്ഡിതരുടെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് പറഞ്ഞ് രാഷ്ട്രീയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്ത്രീ സ്വാതന്ത്യത്തെ കുറിച്ചുള്ള കോൺഗ്രസിന്റെ നിലപാട് ആത്മാർത്ഥമാണെങ്കിൽ കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ കേരളത്തിലെ നേതൃത്വം മാത്രമല്ല, ദേശീയ നേതൃത്വവും വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം. സൗജന്യ ബസ് സർവീസ് നടത്തിയത് കൊണ്ട് മാത്രം സ്ത്രീ സമൂഹത്തെ ശക്തീകരിക്കാനാവില്ല. സിപിഎമ്മിനും ഈ വിഷയത്തിൽ ഒഴിഞ്ഞു മാറാനാവില്ല. സ്ത്രീകളുടെ അവകാശങ്ങളും നവോത്ഥാനവും പുരോഗമനവും പ്രസംഗങ്ങളിൽ മാത്രം പോരാ. സ്ത്രീകളെ വീണ്ടും വീടിന്‍റെ ചുവരുകൾക്കുള്ളിലേക്ക് തളയ്ക്കുന്ന ആശയങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. മതത്തിന്‍റെ പേരിലായാലും രാഷ്ട്രീയത്തിന്‍റെ പേരിലായാലും സ്ത്രീകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam