പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു. കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്. സിപിഎം പിന്തുണയിൽ അവിശ്വാസം നേരത്തെ പാസായിരുന്നു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ഒരു സിപിഎം അംഗം പിന്തുണച്ചതോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു.

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു. കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്. സിപിഎം പിന്തുണയിൽ അവിശ്വാസം നേരത്തെ പാസായിരുന്നു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ഒരു സിപിഎം അംഗം പിന്തുണച്ചതോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. കോൺഗ്രസ് അംഗം വി പി മനോജ്‌ കുമാര്‍ പഞ്ചായത്ത് പ്രസിഡന്റാകും.

നാരങ്ങാനം പഞ്ചായത്തിൽ കോൺ​ഗ്രസിനും ബിജെപിക്കും ആറ് അം​ഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അം​ഗങ്ങളും. നറുക്കെടുപ്പിലൂടെയാണ് നേരത്തെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺ​ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരെ നേരത്തെ കോൺ​ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പിന്നാലെ കോൺ​ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. സിപിഎം, കോൺ​ഗ്രസ് അം​ഗങ്ങൾ വിട്ടുനിന്നതോടെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.