Latest Videos

'സ്ക്രീനിൽ ദൃശ്യങ്ങൾ തെളിഞ്ഞു വന്നിരുന്നു'; മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

By Web TeamFirst Published May 1, 2024, 12:41 PM IST
Highlights

ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഇല്ലാതാക്കാൻ ശ്രമങ്ങള്‍ നടന്നിരുന്നു. മെമ്മറി കാർഡ് പാർട്ടിക്കാർ എടുത്തുമാറ്റിയതാകാമെന്നും യദു ആരോപിച്ചു.

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. മെമ്മറി കാർഡ് പാർട്ടിക്കാർ എടുത്തുമാറ്റിയതാകാമെന്നും യദു ആരോപിച്ചു. തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു.

റെക്കോര്‍ഡിങ് എന്ന് കാണിച്ചിരുന്നു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഇല്ലാതാക്കാൻ ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്‍റെ ഭാഗമാണ് മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍. ഈ ദൃശ്യങ്ങള്‍ പുറത്തുവരണം എന്നാണ് ആഗ്രഹം. എന്‍റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും യദു പറഞ്ഞു.

അതേസമയം, മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു. 

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ യാഥാർത്ഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഡ്രൈവർ യദു ഓടിച്ച കെഎസ്ആർടിസി ബസിനുളളിൽ സിസിസിടി ക്യാമറയിൽ ഒരു  ദൃശ്യവുമുണ്ടായിരുന്നില്ലെന്ന്  പൊലീസ് പരിശോധനയിൽ വ്യക്തമായി. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.  

ആലുവയിൽ ഗുണ്ടാ ആക്രമണം, കോൺഗ്രസ് പ്രവർത്തകനായ മുന്‍ പ‌ഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു, 4 പേർക്ക് പരിക്ക്


 

click me!